വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ശിരോമണി അകാലിദള്‍ എംപി സുഖ ദേവ് സിംഗ് ലിബ്രയെ ശിരോമണി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
യുപിഎ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു ശിരോമണി അകാലിദള്‍ തീരുമാനം. എന്നാല്‍, ലിബ്ര പാര്‍ട്ടി തീരുമനത്തിന് എതിരായി വിശ്വാസ വോട്ടില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ലിബ്രയ്ക്ക് പാര്‍ട്ടിയില്‍ ഇനി കാര്യമില്ല എന്ന നിലപാടിലാണ് ശിരോമണി നേതാവ് സുഖ്ബീര്‍ സിംഗും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലിബ്രയെ പുറത്താക്കിയത്.
ആണവകരാര്‍ രാഷ്ട്ര താല്‍പര്യത്തിന് അനുസൃതമാണെന്നും രാഷ്ട്ര താല്‍പര്യമാണ് പാര്‍ട്ടിയെക്കാള്‍ വലുതെന്നും നടപടികളെ കുറിച്ചുള്ള പ്രതികരണത്തില്‍ ലിബ്ര പറഞ്ഞു.
“അകാലിദളിന്‍റെ വിശ്വസ്തനായ പോരാളിയാണ് ഞാന്‍. ഒരു സിഖ് പ്രധാനമന്ത്രിക്ക് എതിരെ വോട്ട് ചെയ്യാന്‍ കഴിയാത്തതു കാരണമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്”, ലിബ്ര പറഞ്ഞു.
വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ 20 കോടി രൂപ വാങ്ങിയെന്ന ബാദലിന്‍റെ ആരോപണത്തെ ലിബ്ര തള്ളിക്കളഞ്ഞു. അവസരവാദിയാണെങ്കില്‍ ബാദല്‍ മുന്നോട്ടു വച്ച വാഗ്ദാനങ്ങള്‍ സ്വീകരിക്കുമായിരുന്നു എന്നും ലിബ്ര പറഞ്ഞു.
|