വിശ്വാസ വോട്ടെടുപ്പിനു ശേഷം മന്ത്രി സഭാ വികസനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു മേല്‍ സമ്മര്‍ദ്ദമേറുന്നു എന്ന് സൂചന. ഓഗസ്റ്റില്‍ മന്ത്രി സഭാ വികസനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശ്വാസ വോട്ടെടുപ്പിന് പിന്തുണ തേടാനായി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യില്ല എന്നായിരുന്നു സിംഗിന്‍റെ പ്രസ്താവന. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ ജെഎംഎം തലവന്‍ ഷിബു സോറന്‍ എന്‍ഡിഎ പക്ഷത്തോട് അടുക്കുന്നു എന്ന് വ്യക്തമായപ്പോള്‍ കോണ്‍ഗ്രസ് മാനേജര്‍മാര്‍ സോറനെ കാബിനറ്റിലേക്ക് തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കി.
പിഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സോറന്‍ അറസ്റ്റിലായിരുന്നു. അതെ തുടര്‍ന്ന് സോറനെ കാബിനറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയ കോണ്‍ഗ്രസ് കുറ്റവിമുക്തനായ ശേഷം തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട്, കുറ്റവിമുക്തനായപ്പോഴും സോറന് കാത്തിരിക്കാനായിരുന്നു വിധി.
എന്നാല്‍, വിശ്വാസ വോട്ടെടുപ്പിന്‍റെ സമയം ശരിയായി ഉപയോഗപ്പെടുത്തിയ സോറന്‍ തന്നെ തിരിച്ചെടുക്കുക മാത്രമല്ല തന്‍റെ പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. അഞ്ച് എംപി മാരുടെ പിന്തുണ ഉറപ്പാക്കാനായി കോണ്‍ഗ്രസിന് സോറന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നു.
ഓഗസ്റ്റ് ആദ്യവാരം തന്നെ മന്ത്രി സഭാ വികസനം നടത്താനായിരിക്കും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ആഗ്രഹിക്കുക.
|