ഭീകരവാദത്തിനെതിരെ എന്തു വില കൊടുത്തും രാജ്യം പോരാടുമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയും ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സ്‌ഫോടന പരമ്പരയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചതിനു ശേഷമാണ് സോണിയയും പാട്ടീലും ഇതു പറഞ്ഞത്.
‘ഭീകരരുടെ അക്രമണ പദ്ധതികള്‍ ധൈര്യത്തോടെ നേരിട്ട് തകര്‍ക്കും. ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് രാജസ്ഥാന് അടിയന്തര സഹായം കേന്ദ്രം നല്‍കും‘,പാട്ടീല്‍ പറഞ്ഞു. സ്‌ഫോടന പരമ്പരയ്‌ക്കു ശേഷം മത മൈത്രിയ്‌ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പ്രവര്‍ത്തിച്ച രാജസ്ഥാനിലെ ജനങ്ങളെ പാട്ടീല്‍ അഭിനന്ദിച്ചു.
ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ആരോഗ്യ മന്ത്രി നര്‍പ്പത്ത് സിംഗ് രാജ്‌വി പാട്ടീലിനെയും സോണിയയും അറിയിച്ചു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുമ്പ് സോണിയയും പാട്ടീലും ജയ്‌പൂരില്‍ സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഇരുവരുടെയും സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പാട്ടീല്‍ ബുധനാഴ്‌ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ് സിന്ധ്യയെ ഫോണില്‍ ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും അറിയിച്ചിരുന്നു.
|