വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയ്‌ക്കു നേരെ ഭീകരര്‍ ചാവേര്‍ അക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ വിശകലനം ചെയ്തു. ലക്ഷ്‌കര്‍-ഇ-തൊയിബ, ജയ്ഷെ-ഇ-മുഹമ്മദ് പോലുള്ള ഭീകര സംഘടനകള്‍ അദ്ദേഹത്തിനെതിരെ അക്രമണം നടത്താന്‍ ലക്‍ഷ്യമിടുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
വിദേശകാര്യ മന്ത്രിയുടെ സുരക്ഷയ്‌ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രണബിന് ഇപ്പോള്‍ സെഡ്-പ്ലസ് സുരക്ഷ നല്‍കി വരുന്നുണ്ട്. മുമ്പ് പ്രതിരോധ മന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
2006 ഒക്‍ടോബര്‍ 24 ന് ആണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റത്. യുപിഎ-ഇടത് ആണവസമിതിയുടെ തലവനാണ് പ്രണബ്. ബംഗാളിലെ ജങ്കിപ്പൂര്‍ ലോക്‍സഭ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
|