പാര്‍ലമെന്‍റ് അക്രമണക്കേസുമായി ബന്ധപ്പെട്ട് പത്തു വര്‍ഷം കഠിനത്തടവ് ലഭിച്ച പ്രതിയായ ഷൌക്കത്ത് ഹുസൈന്‍ ഗുരു വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ബുധനാഴ്‌ച തള്ളി. ജസ്റ്റിസ് പിപി നലോക്കര്‍,വിഎസ് സര്‍പുര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
‘നിങ്ങളുടെ വിധിയില്‍ ഇടപെടുവാന്‍ ഞങ്ങള്‍ ഒരു കാരണവും കാണുന്നില്ല’, ജസ്റ്റിസ് പിപി നലോക്കര്‍ പറഞ്ഞു. ഷൌക്കത്തിന്‍റെ അഭിഭാഷകന്‍റെയും ഡല്‍ഹി പൊലീസിന്‍റെയും വാദം കേട്ടതിനു ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഷൌക്കത്തിന് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചത്. ഡല്‍ഹി ഹൈക്കോടതി ശിക്ഷ ശരി വച്ചിരുന്നു. പിന്നീട്, 2005ല്‍ അസീസിനെ ക്രിമിനല്‍ ഗൂഢാലോചനയില്‍ നിന്ന് കുറ്റവിമുക്തമാക്കിയ സുപ്രീം കോടതി വധശിക്ഷ പത്തു വര്‍ഷം കഠിനതടവാക്കി മാറ്റിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നൂറ്റി ഇരുപ്പത്തി മൂന്നാം വകുപ്പ് അനുസരിച്ച് ഷൌക്കത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷൌക്കത്തിന്‍റെ പ്രവര്‍ത്തി രാജ്യത്തിനെതിരെയുള്ള ആക്രമണത്തെ അനുകൂലിച്ചതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനെത്തുടര്‍ന്നാണ് പത്തു വര്‍ഷം കഠിനതടവ് നല്‍കിയത്.
2001 ഡിസംബര്‍ 13 നാണ് പാര്‍ലമെന്‍റ് അക്രമണം നടന്നത്. ആക്രമണത്തില്‍ ഒമ്പത് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
|