രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പ്പൂരില്‍ ചൊവ്വാഴ്‌ച നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന ഭീകരസംഘടനയായ ഹര്‍ക്കത്ത്-ഉള്‍-ജിഹാദ്-അല്‍-ഇസ്ലാമി (ഹുജി) ഇന്ത്യയ്‌ക്ക് കനത്ത ഭീഷണിയായി വളരുന്നു. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബംഗ്ലാദേശ് ആസ്ഥാനമായിട്ടുള്ള ഈ ഭീകര സംഘടന അഞ്ച് അക്രമണങ്ങളാണ് നടത്തിയത്.
2007 ഓഗസ്റ്റ് 25 ന് ഹൈദരബാദില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍ ഈ സംഘടന തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സുന്നി മൌലികവാദികളുടെ സംഘടനയായ ഹുജി പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാഷ്‌ട്രങ്ങളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 90 കളുടെ തുടക്കം മുതലാണ് ഈ സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബംഗ്ലാദേശില്‍ ഈ സംഘടനയെ 2005 ല്‍ നിരോധിച്ചിരുന്നു. അമേരിക്ക 90കളുടെ അവസാനത്തില്‍ ഈ സംഘടനയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. 2003ല്‍ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരന്‍ പാണ്ഡ്യയെ വധിച്ചതോടെയാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ സംഘടനക്കെതിരെയുള്ള നടപടി ശക്തമാക്കിയത്.
1999 ല്‍ ബംഗ്ലാദേശിലെ മാനവിക കവിയായ ഷംസൂര്‍ റഹ്‌മാനെ വധിക്കുവാന്‍ ഈ സംഘടന ശ്രമിച്ചിരുന്നു. ഇതിനു ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കുവാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഈ ശ്രമം സുരക്ഷ ഉദ്യോഗസ്ഥര്‍ തകര്‍ത്തു.
|