രാജസ്ഥാനിലെ സമാധാനം തകര്‍ക്കുവാന്‍ ഭീകരര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ചൊവ്വാഴ്‌ച ജെയ്‌പ്പൂരില്‍ നടന്ന സ്‌ഫോടനങ്ങളെന്ന് മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യ പറഞ്ഞു. സ്‌ഫോടനങ്ങള്‍ നടന്നതിനു ശേഷം ഒരു മാധ്യമ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
‘രാജസ്ഥാന്‍റെ ചരിത്രത്തില്‍ ഒരിക്കലും ഇത്രയും ഹീനമായ പ്രവൃത്തി നടന്നിട്ടില്ല. ഇത് സംസ്ഥാനത്തിനു നേരെ നടന്ന അക്രമണമല്ല. മറിച്ച് ഇന്ത്യയ്‌ക്കു നേരെ നടന്ന അക്രമണമാണ്.
സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. വ്യാഴാഴ്‌ച റിപ്പോര്‍ട്ട് ലഭിക്കും. ഹീനമായ ഈ അക്രമണത്തിനു പിന്നില്‍ ആരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കും.
കൊല്ലപ്പെട്ടവരോടുള്ള ബഹുമാനസൂചകമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും കോളേജുകളും ഒരു ദിവസം അടച്ചിടും‘, അവര്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലും വസുന്ധരയുമായി ഫോണില്‍ സംസാരിച്ചു. അന്വേഷണത്തിന് കേന്ദ്രം എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫോടനങ്ങളില്‍ 80 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 150 പേര്‍ക്ക് പരുക്കേറ്റു. ബംഗ്ലാദേശ് സംഘടനയായ ഹുജിയെയാണ് സംശയം.
|