ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാനയെ ബി.ജെ.പിയില്‍ തിരിച്ചെടുത്തു. ബി.ജെ.പി യിലെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിക്കെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തിയതിന് രണ്ട് വര്‍ഷം മുമ്പ് മദന്‍ ലാല്‍ ഖുറാനയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
അദ്വാനിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഖുറാനയെ വെള്ളിയാഴ്ച വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ത്തത്. ഖുറാനയുടെ തിരിച്ചുവരവ് ഡല്‍ഹിയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
ഒട്ടേറെ ദിവസങ്ങളായി നടക്കുന്ന രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടി പ്രസിഡന്‍റ് രാജ്‌നാഥ് സിംഗ് ഖുറാനയെ തിരിച്ചെടുക്കാന്‍ തയ്യാറായത്. പഞ്ചാബി സമൂഹത്തില്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഈ 71 കാരനെ തിരിച്ചെടുത്തത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.
പാര്‍ട്ടിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അത് പിന്‍വലിക്കുന്നതായും ഖുറാന എഴുതിയ കത്തില്‍ പറയുന്നെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. എന്നാല്‍ ഖുറാനയ്ക്ക് എന്ത് പദവി നല്‍കുമെന്ന് പറയാന്‍ പാര്‍ട്ടി ഇപ്പോള്‍ തയ്യാറായിട്ടില്ല. ഖുറാനയും പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് സംബന്ധിച്ച് ഒന്നും തന്നെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
പാകിസ്ഥാനിലെ കാണ്ഡഹാറില്‍ വിമാനം തട്ടിക്കൊണ്ട് പോയത് സംബന്ധിച്ച് അദ്വാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ 2006 ഏപ്രിലില്‍ ഖുറാന രൂക്ഷമായ വിമര്‍ശനമാണ് അദ്വാനിക്കും പാര്‍ട്ടിക്കും എതിരെ ഉയര്‍ത്തിയിരുന്നത്. ഇത്തരം ഒരാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തനിക്കാവില്ലെന്നും അന്ന് ഖുറാന പറഞ്ഞു.
തട്ടിക്കൊണ്ട് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം സ്വതന്ത്രമാക്കാന്‍ ഭീകരരെ സ്വതന്ത്രമാക്കണമെന്ന വിഷയത്തില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയുടെ പ്രസ്താവനയാണ് ഖുറാനയെ ചൊടിപ്പിച്ചത്. അദ്വാനിയുടെ പ്രസ്താവന അദ്വാനിയെ ഹീറോയാക്കാനും പ്രധാനമന്ത്രി വാജ്പേയിയെ സീറോയായും കണക്കാക്കാനേ ഉപകരിക്കൂ എന്നും ഖുറാന പറഞ്ഞിരുന്നു.
|