ലോക്‍സഭയില്‍ അംഗമായിരിക്കെ മറ്റൊരു ലോക്‍സഭ സീറ്റില്‍ നിന്ന് മത്സരിച്ചത് ചോദ്യം ചെയ്തു കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതി സുപ്രീം കോടതി വെള്ളിയാഴ്‌ച തള്ളി.
മുഖ്യന്യായാധിപന്‍ തലവനായിട്ടുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.’ഞങ്ങള്‍ ഈ പരാതി പരിഗണിക്കുകയില്ല.
ഞങ്ങള്‍ക്ക് ഈ കേസിന്‍റെ വാദം കേള്‍ക്കുകയും വേണ്ട. പരാതി നിലനില്‍ക്കുന്നതുമല്ല. പ്രശസ്തിക്കു വേണ്ടിയാണ് ഈ പരാതി നല്‍കിയിരിക്കുന്നത്’,ബെഞ്ച് പറഞ്ഞു.
അഭിഭാഷകനായ പിസി ശര്‍മ്മയാണ് പരാതി നല്‍കിയത്. അലഹബാദ് ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കിയ പരാതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
‘2004 ല്‍ ലാലു ചപ്പ്‌ര,മധേപ്പുര ലോക്‍സഭ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചു. ബൂത്ത് പിടുത്തത്തിന്‍റെ പേരില്‍ ചപ്പ്‌രയിലെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.
എന്നാല്‍, മധേപ്പുരയില്‍ നിന്ന് അദ്ദേഹം വിജയിച്ചു. എംപിയായി 2004 മേയ് 26 ന് സ്ഥാനമേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന ചപ്പ്‌രയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലാലു മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ലാലുവിന്‍റെ ഈ നടപടി ഭരണഘടന വിരുദ്ധമാണ്’,പരാതിയില്‍ പറയുന്നു. ലാലു പിന്നീട് മധേപ്പുര സീറ്റ് രാജി വെച്ചു.
|