മുംബൈയില്‍ 1993ല്‍ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷ ലഭിച്ച പ്രതികളില്‍ ഒരാളുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ച സ്‌റ്റേ ചെയ്തു. സക്കീര്‍ ഹുസൈന്‍ നൂര്‍ മുഹമ്മദ് ശൈഖിന്‍റെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്തത്.
മുഖ്യന്യായാധിപന്‍ കെജി ബാലകൃഷ്‌ണന്‍ തലവനായിട്ടുള്ള ബെഞ്ചാണ് ശിക്ഷ സ്‌റ്റേ ചെയ്തത്. മുംബൈയിലെ മാഹിം മത്സ്യത്തൊഴിലാളി കോളനിയില്‍ ബോംബെറിഞ്ഞ് ആറു പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചത്.
സ്‌ഫോടനപരമ്പര കേസില്‍ ടാഡ കോടതി ജീവപര്യന്തം തടവ് വിധിച്ച യൂസഫ് മേമന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ സുപ്രീം കോടതി ഫെബ്രുവരിയില്‍ ജാമ്യം അനുവദിച്ചിരുന്നു. മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 129 പ്രതികളില്‍ 100 പേരെ ടാഡ കോടതി 2006ല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.
അതേസമയം ഈ കേസിലെ പ്രധാനപ്രതികളായ ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹിമും ഒളിവിലാണ്. 1993 മാര്‍ച്ച് 12 ന് മുംബൈയില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 257 ആളുകളാണ് മരിച്ചത്.
|