ഇന്ത്യന്‍ എക്‍സ്പ്രസ് പ്രിന്‍സിപ്പാള്‍ കറസ്പോണ്ടന്‍റ് ശിവാനി ഭട്ട്‌നാഗറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് ശിക്ഷ വിധിക്കുന്നത് ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കുറ്റക്കാര്‍ക്ക് വധശിക്ഷയാണ് ആവശ്യപ്പെടുന്നത്.
ഒന്‍പതു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ കോടതി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍കെ ശര്‍മ്മ അടക്കം നാലു പേര്‍ ഈ കേസില്‍ കുറ്റക്കാരെന്ന് ചൊവ്വാഴ്‌ച കണ്ടെത്തിയിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തില്‍ വേദ് പ്രകാശ് ശര്‍മ്മ, വേദ് എന്നിവരെ കോടതി വെറുതെ വിട്ടു.
കൊലപാതകം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 209 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. 1999 ജനുവരി 23 നാണ് ശിവാനിയെ കൊല്ലപ്പെട്ട നിലയില്‍ ന്യൂഡല്‍ഹിയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്.
ആര്‍കെ ശര്‍മ്മ 1997ല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സുരക്ഷാ ചുമതല വഹിക്കുമ്പോള്‍ ശിവാനിക്ക് ചില സുപ്രധാന രേഖകള്‍ ചോര്‍ത്തി കൊടുത്തു. എന്നാല്‍, പിന്നീട് ഇവര്‍ തമ്മില്‍ അകന്നപ്പോള്‍ ഈ വിവരം പുറത്തു വിടുമെന്ന് ശിവാനി ഭീഷണി മുഴക്കി. ഇതിനെത്തുടര്‍ന്ന് ശര്‍മ്മ ശിവാനിയെ കൊല്ലുവാന്‍ തീരുമാനിച്ചു.
|