പത്രപ്രവര്‍ത്തക ശിവാനി ഭട്ട്‌നാഗറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹരിയാന മുന്‍ ഐ.ജി.ആര്‍.കെ.ശര്‍മ്മ ഉള്‍പ്പടെ നാലു പേര്‍ക്ക് കോടതി വ്യാഴാഴ്‌ച ശിക്ഷ വിധിക്കും. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി രാജേന്ദ്രകുമാര്‍ ശാസ്‌ത്രിയാണ് ശിക്ഷ വിധിക്കുക.
ഹരിയാന നഗരവികസന അതോറിറ്റി മുന്‍ ക്ലാര്‍ക്ക് പ്രദീപ് ശര്‍മ്മ, ശ്രീ ഭഗ്‌വാന്‍,സത്യപ്രകാശ് എന്നിവരാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയ മറ്റ് മൂന്നു പ്രതികള്‍. വേദ്പ്രകാശ് ശര്‍മ്മ, കലു എന്നറിയപ്പെടുന്ന വേദ് എന്നിവരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു.
1999 ജനുവരി 23 നാണ് ശിവാനി കൊല ചെയ്യപ്പെട്ടത്. ഇന്ത്യന്‍ എക്‍സ്‌പ്രസിലെ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റായിരുന്നു ശിവാനി. ആര്‍.കെ ശര്‍മ്മ 2002 സെപ്റ്റംബര്‍ 27 ന് പൊലീസിനു മുന്നില്‍ കീഴടങ്ങി.
ആര്‍.കെ.ശര്‍മ്മയും അദ്ദേഹത്തിന്‍റെ ഭാര്യ മധുവും ശിവാനിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപി നേതാവ് പ്രമോദ് മഹാജനാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, മഹാജന്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു.
|