കോളിവുഡ് പ്രേമികളേ വേഗം അടുത്ത പുസ്തക കടയിലേയ്‌ക്ക് കുതിയ്‌ക്കുക. തമിഴ് സിനിമയുടെ അഭിമാനമായ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെക്കുറിച്ചുള്ള പുസ്തകം ‘ദ നെയിം ഈസ് രജനികാന്ത്‘ പുറത്തിറങ്ങി.
സെല്ലുലോയ്‌ഡില്‍ പ്രായത്തിനെ വെല്ലുന്ന പ്രകടനം കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്ന രജനിയെക്കുറിച്ച് ഡോക്‍ടര്‍ ഗായത്രി ശ്രീകാന്ത് എഴുതിയ പുസ്തകം വ്യാഴാഴ്‌ചയാണ് പുറത്തിറങ്ങിയത്. തുഗ്ലക് മാസികയുടെ എഡിറ്ററായ ചോ രാമസ്വാമിയാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത്.
രജനിയുടെ മകള്‍ സൌന്ദര്യ, എവിഎം സ്റ്റുഡിയോ ഉടമയും ശിവജി:ദി ബോസിന്‍റെ നിര്‍മ്മാതാവുമായ ശരവണന്‍, സി.ബി.ഐ മുന്‍ ഡയറക്‍ടര്‍ കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ‘മഹാനായ ഈ മനുഷ്യന്‍റെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു’, സൌന്ദര്യ ചടങ്ങില്‍ വച്ച് പത്രലേഖകരോട് പറഞ്ഞു.
തനിക്ക് പുസ്തകം വായിക്കുവാന്‍ കഴിഞ്ഞില്ലെന്ന് ചോ രാമസ്വാമി പറഞ്ഞു.’ഞാന്‍ ഈ പുസ്തകം വായിച്ചില്ല. എന്നാല്‍, കമലഹാസന്‍ ഈ പുസ്കം മുഴുവന്‍ വായിച്ചു. രജനിയ്‌ക്ക് പണത്തിന്‍റെയൊ അധികാരത്തിന്‍റെയൊ അഹങ്കാരമില്ല’, ചോ രാമസ്വാമി പറഞ്ഞു.
ഓം ബുക്‍സ് ഇന്‍റര്‍നാഷണലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 490 രൂപ ആണ് വില.
|