റയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് സ്വന്തം ‘മാജിക്കി’ലൂടെ റയില്‍ ബജറ്റ് ജനപ്രിയമാക്കിയതിനു പിന്നാലെ ധനമന്ത്രി പി ചിദംബരം ഇന്ന് പൊതുബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ചിദംബരവും ഒരു ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചന. ഇന്ന് 11 മണിക്കാണ് ബജറ്റ് അവതരണം.
നിലവിലുള്ള സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ആയതിനാല്‍ സാധാരണ നികുതിദായകര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഒരു പോലെ ആശ്വാസം പകരാനായിരിക്കും ഈ ബജറ്റ് ലക്‍ഷ്യമിടുന്നത്. എന്തായാലും, ഏഴ് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും ബജറ്റ് കഴിഞ്ഞ് ഉണ്ടാവുമെന്നതിനാല്‍ ധനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് ഒരു പരീക്ഷണം തന്നെയായിരിക്കും.
കര്‍ഷക ആത്മഹത്യ എന്ന പ്രശ്നം യുപിഎ സര്‍ക്കാരിനെ ഉലച്ചിരിക്കുന്ന അവസരത്തില്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും വിശ്വാസം പിടിച്ചെടുക്കാനും ഈ ബജറ്റ് ആയുധമാക്കാന്‍ ശ്രമിക്കും. കൂടാതെ, ഗുജറാത്തിലും ഹിമാചലിലും ഏറ്റ തിരിച്ചടികള്‍ സര്‍ക്കാരിന് മറക്കാനും ഈ ബജറ്റിന്‍റെ ജനപ്രിയതയ്ക്ക് കഴിവുണ്ടാകണം എന്നായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ചിദംബരം അവതരിപ്പിക്കുന്ന ഏഴാമത്തെ പൊതു ബജറ്റില്‍ സാധാരണ നികുതിദായകര്‍ക്കും കോര്‍പ്പറേറ്റ് നികുതിദായകര്‍ക്കും വരുമാന നികുതി ഇളവ് ഉണ്ടായേക്കാം. നികുതി ലളിതവല്‍ക്കരണവും കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ തുകയും ഗ്രാമീണ തൊഴില്‍ പദ്ധതികളും ബജറ്റിന്‍റെ മുഖ്യ ആകര്‍ഷണങ്ങളായേക്കാം.
എന്നാല്‍, വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി കുറഞ്ഞതും കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ ഒരു ശതമാനം കുറവുണ്ടായതും വ്യവസായ മേഖലയിലെ മാന്ദ്യവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്ക നല്‍കുന്നു. പണപ്പെരുപ്പതോത് നിയന്ത്രിക്കാനായതും വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസമായിരിക്കും സര്‍ക്കാരിന് ആശ്വാസമാവുക.
|