രാമസേതു വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സത്യവാങ്മൂലത്തിന്‍റെ കരടിന് കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യങ്ങള്‍ക്കു വേണ്ടിയുള്ള കാബിനറ്റ് സമിതി വ്യാഴാഴ്‌ച അംഗീകാരം നല്‍കി. 90 പേജുള്ള കരട് സത്യവാങ്മൂലത്തിനാണ് അംഗീകാരം നല്‍കിയത്.
പുതിയ സത്യവാങ്ങ് മൂലത്തില്‍ രാമായണത്തിലെ സംഭവവികാസങ്ങളെക്കുറിച്ചോ, രാമനെക്കുറിച്ചൊ പരാമര്‍ശമില്ല. രാമസേതുവിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ദേശീയ ചരിത്ര ഗവേഷണ കൌണ്‍സില്‍ ഇതുവരെ പഠനം നടത്തിയിട്ടില്ലെന്നും സത്യവാങ്ങ് മൂലം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സത്യവാങ്മൂലം മാര്‍ച്ച് 14 ന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
ഇതിനായി ഈ ആഴ്‌ചയില്‍ രണ്ടാമത്തെ യോഗമാണ് വ്യാഴാഴ്‌ച നടന്നത്. യു.പി.എ സര്‍ക്കാരിലെ മറ്റു കക്ഷികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചതിനു ശേഷമാണ് സത്യവാങ്മൂലത്തിന്‍റെ കരട് തയ്യാറാക്കിയത്.
സേതുസമുദ്രം പദ്ധതിക്ക് 2005 മേയിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍, പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാമസേതുവിലെ കുഴിക്കല്‍ ജോലികള്‍ നിറുത്തിവെച്ചു. രാമന്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യു.പി.എ സര്‍ക്കാര്‍ 2007ല്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചിരുന്നു.
|