പതിനൊന്നാം പദ്ധതി ജാതിയെയും മതത്തെയും അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് പ്രധാനമന്ത്രി. പദ്ധതി ലക്‍ഷ്യമിടുന്നത് അവഗണിക്കപ്പെട്ട ജനവിഭാഗത്തെയാണെന്നും ബിജെപിയുടെ ആരോപണത്തിന് മറുപടിയായി മന്‍മോഹന്‍ സിംഗ് പറഞ്ഞു.
“ജനങ്ങളില്‍ നിക്ഷേപം നടത്തി അവരെ സാമ്പത്തിക വളര്‍ച്ചാ പ്രക്രിയയില്‍ പങ്കാളികളാക്കാനാണ് ഈ പദ്ധതി ലക്‍ഷ്യമിടുന്നത്. ജനങ്ങളെ ജാതീയമായോ വര്‍ഗീയമായോ വിഭജിക്കുക പദ്ധതിയുടെ ലക്‍ഷ്യമല്ല“ ദേശീയ വികസന സമിതി യോഗത്തില്‍ വച്ച് പ്രധാന മന്ത്രി പറഞ്ഞു.
പ്രധാന മന്ത്രിയുടെ ന്യൂനപക്ഷ വികസനത്തിനുള്ള 15 പോയന്‍റ് അജന്‍ഡ ‘മത ബഡ്ജറ്റ്’ ആണെന്ന് നരേന്ദ്ര മോഡി കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൌഹാനും ഈ വാദം ഏറ്റുപിടിച്ചിരുന്നു.
സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ലഭിക്കുന്നില്ല എന്നുള്ളത് സത്യമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരം ആള്‍ക്കാരുടെ ഉന്നമനത്തിന് പതിനൊന്നാം പദ്ധതി പ്രത്യേക പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍, ഈ വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കുന്നത് മറ്റുള്ളവരെ അവഗണിച്ചാണ് എന്ന് കരുതരുത്. സമത്വവും സമ്പന്നവും നീതിപൂര്‍വ്വവുമായ ഒരു ഇന്ത്യ എന്ന സാക്ഷാത്കാരത്തിന് അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ആവശ്യമാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
|