ബീഹാറിലെ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ റയില്‍വെ മന്ത്രി ലാലുപ്രസദ് യാദവിന് നല്‍കി വന്ന സുരക്ഷ വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സുരക്ഷാ ഐ ജി ആര്‍ കെ സിംഗ് പുറപ്പെടുവിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ, സ്പെഷല്‍ ബ്രാഞ്ച്, ബിഹാര്‍ സൈനിക പൊലീസ്, പട്ന ജില്ലാ പൊലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 35 ഉദ്യോഗസ്ഥരെയും ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ ഉള്‍പ്പെടെ ആറ് വാഹനങ്ങളും ലാലുവിന്‍റെ സുരക്ഷയില്‍ നിന്ന് പിന്‍വലിക്കും.
2000ല്‍ ഭരണത്തില്‍ ഇരുന്ന ആര്‍ജെഡി സര്‍ക്കാരാണ് ബീഹാറില്‍ ‘സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പ് ആക്ട്’ കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ച് ബീഹാര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്ഥാനമൊഴിഞ്ഞ് അഞ്ച് വര്‍ഷം വരെ മുന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ സുരക്ഷ നല്‍കണം. സുരക്ഷാ കാലാവധി നീട്ടി നല്‍കുന്നത് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ്. ഈ വര്‍ഷം ലാലുവിന്‍റെ സുരക്ഷാകാലാവധി നീട്ടാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചാലും ലാലുവിന് സെഡ്-പ്ലസ് സുരക്ഷ ഉണ്ടായിരിക്കും. കൂടാതെ, കേന്ദ്ര റിസര്‍വ് പൊലീസിന്‍റെ സംരക്ഷണവും ഉണ്ട്. രണ്‍വീര്‍ സേനയുടെയും നക്സലൈറ്റുകളുടെയും വധ ഭീഷണി നില നില്‍ക്കുന്നതിനാലാണ് ലാലുവിന് ഇത്തരം സുരക്ഷ നല്‍കിവരുന്നത്.
|