കോണ്‍ഗ്രസ് നേതൃനിര പുനസംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകും. മൊഹ്സിന കിദ്വായിക്കാണ് കേരളത്തിന്‍റെ ചുമതല. 23 അംഗ പ്രവര്‍ത്തക സമിതിയേയും പുന:സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയില്‍ ആന്‍റണി മാത്രമേയുള്ളൂ.ടോം വടക്കനും, രജ്ഞി തോമസും ജനറല്‍ സെക്രട്ടറിമാരായി തുടരും. വിശദമായ ഒരു പുനസംഘടനയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയിരിക്കുന്നത്. തെരെഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് സോണിയയുടെ ശ്രമമെന്ന് ഈ പുനസംഘടനയിലൂടെ വ്യക്തമായിരിക്കുകയാണ്.
നിരവധി പുതുമുഖങ്ങള്‍ക്ക് അവര്‍ അവസരം നല്‍കി. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. ഹൈദരാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് രാഹുലിനെ ജനറല്‍സെക്രട്ടറിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ തീരുമാനം സോണിയ നീട്ടി വയ്ക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്‍റെയും എന്‍.എസ്.യുവിന്‍റെയും ചുമതലയും രാഹുല്‍ ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്. രാഹുലിനെ ജനറല്‍ സെക്രട്ടറിയാക്കിയതിന്‍റെ ആഘോഷ പരിപാടികള്‍ ഡല്‍ഹിയില്‍ ഐ.ഐ.സി.സി ആസ്ഥാനത്ത് നടക്കുകയാണ്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
നിലവില്‍ ഏഴ് ജനറല്‍ സെക്രട്ടറിമാരാണുണ്ടായിരുന്നത്. അതിപ്പോള്‍ പത്താക്കി ഉയര്‍ത്തിയിട്ടുണ്ട്. പൃഥ്വിരാജ് ചൌഹാന്‍, ബീഹാറില്‍ നിന്നുമുള്ള കിഷോര്‍ ചന്ദ്രദേവ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്ക് പുറമേ എ.ഐ.സി.സി തലപ്പത്ത് എത്തിയിരിക്കുന്നത്. 23 അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തകസമിതിയും പുനസംഘടിപ്പിച്ചു.
കേരളത്തില്‍ നിന്നും എ.കെ. ആന്‍റണി മാത്രമാണ് പ്രവര്‍ത്തക സമിതി അംഗമായുള്ളത്. അദ്ദേഹം തുടരും. പ്രത്യേക ക്ഷണിതാവായിരുന്ന എം.എം.ജേക്കബിനെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടനയുണ്ടാകുമ്പോല്‍ ജേക്കബിനെ ഉള്‍പ്പെടുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊടിക്കുന്നില്‍ സുരേഷിനെ നിയമിച്ചു. രഞ്ജി തോമസ്, ടോം വടക്കന്‍ എന്നിവര്‍ സെക്രട്ടറിമാരായി തുടരും. പല സംസ്ഥാനങ്ങളിലെയും ചുമതലകളും മാറ്റിയിട്ടുണ്ട്. മൊഹ്സിന കിദ്വായിക്കാണ് കേരളത്തിന്‍റെ ചുമതല.
മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയെ പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. വീരപ്പമൊയ്‌ലിയ്ക്കാണ് മാധ്യമ വിഭാഗത്തിന്‍റെ ചുമതല.
|