ഇന്ത്യയും ജപ്പാനും തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം വേണമെന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ഏബ്. ബുധനാഴ്ച പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിശാല ഏഷ്യ’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച ഏബ്, ഇന്ത്യയും ജപ്പാനുമായി പ്രതിരോധം, സുരക്ഷ, സാമ്പത്തികം എന്നീ മേഖലകളില്‍ അടുത്ത് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം 20 ബില്യന്‍ ഡോളര്‍ എന്ന പരിധിയിലെത്താന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ( സി ഇ പി എ) എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഏബ് പാര്‍ലമെന്‍റില്‍ പറഞ്ഞു.
വിവിധ മേഖലകളിലെ സഹകരണത്തെ കുറിച്ച് വിശദീകരിച്ച ഏബ്, ഊര്‍ജ്ജാവശ്യത്തിന് ഇന്ത്യയ്ക്ക് സാങ്കേതിക സഹായം ഉറപ്പ് നല്‍കി. എന്നാല്‍, ആണവോര്‍ജ്ജ രംഗത്താണോ സഹായം നല്‍കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തിന്‍റെ പുതിയ തുടക്കമാണ് ഇതെന്ന് പറഞ്ഞ ഏബ്, വിശാല ഏഷ്യ എല്ലാ ഭൂശാസ്ത്രപരമായ അതിരുകളും ഭേദിച്ച് വ്യത്യസ്ത രൂപം പ്രാപിക്കുകയാണെന്നും പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ 20 മിനിറ്റ് നേരം ജപ്പാന്‍ പ്രധാന മന്ത്രി സംസാരിക്കുകയുണ്ടായി.
ഇന്ത്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഏബ്.
|