യു പി എ സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ട് പോകരുതെന്ന് ഇടത് മുന്നണി നേതാക്കള്‍ ശനിയാഴ്ച ആവശ്യപ്പെട്ടു.
കരാര്‍ ഇടത് കക്ഷികള്‍ക്ക് സ്വീകാര്യമല്ല. ദേശതാല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ കരാറുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഇടത് നേതാക്കള്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാന മന്ത്രി, സോണിയ ഗാന്ധി, പ്രണാബ് മുഖര്‍ജി എന്നിവര്‍ അടങ്ങുന്ന സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇടത് നേതാക്കള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാരാട്ട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. കരാറിന്‍റെ തുടര്‍ നടപടിയായി അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായും ആണവ വിതരണ രാജ്യങ്ങളുമായും ചര്‍ച്ച നടത്തേണ്ടതില്ല എന്നാണ് കാരാട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കരാറിനെ കുറിച്ച് സമഗ്രമായ ചര്‍ച്ച വേണമെന്ന് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടതായി വിശ്വസ്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. ചര്‍ച്ച നടത്താന്‍ വിസമ്മതിച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഇടത് കക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയതായും സൂചനയുണ്ട്.
കരാറില്‍ പിന്നോട്ട് പോവുക സാധ്യമല്ലെന്നും വേണമെങ്കില്‍ ഇടത് കക്ഷികള്‍ക്ക് പിന്തുണ പിന്‍വലിക്കാമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.
|