പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനും ബഹളത്തിനും ഇടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണവകരാര്‍ സംബന്ധിച്ച പ്രസ്താവന പാര്‍ലമെന്‍റില്‍ വായിച്ചു. ഇന്ത്യയുടെ സ്വതന്ത്ര ആണവനയത്തിന് കരാര്‍ വിഘാതമാകില്ലെന്ന് പ്രധാനമന്ത്രി വിശദമാക്കി.
മൂന്നു ഘട്ടങ്ങളിലായി വേര്‍തിരിച്ചിട്ടുള്ള ഇന്ത്യയുടെ ആണവപദ്ധതി ഇപ്പോഴും നിലവിലുണ്ട്. ആണവ പുനരുപയോഗത്തിനും അവകാശമുണ്ട്. ആണവ ഗവേഷണം, വികസനം, ബൌദ്ധിക സ്വത്തവകാശം തുടങ്ങിയവയെല്ലാം സംരക്ഷിക്കപ്പെടും.
ആണവ റിയാക്ടറുകള്‍, ആണവ ഇന്ധനം എന്നിവയുടെ കൈമാറ്റം അടങ്ങുന്ന പൂര്‍ണ്ണ ആണവസഹകരണം, സാങ്കേതികവിദ്യാ കൈമാറ്റം, വ്യാവസായിക സാമ്പത്തിക വിനിയോഗം എന്നിവ അടങ്ങുന്നതാണ് ആണവകരാര്‍. റിയാക്ടറുകള്‍ എക്കാലവും പ്രവര്‍ത്തിക്കാനുള്ള ആണവ ഇന്ധനത്തിന്‍റെ ശേഖരണവും അനുവദനീയമാണ്.
ഇന്ത്യയുടെ ഭാവിക്ക് അനീവാര്യമായ കരാറാണിത്. ഇന്ത്യയ്ക്കും അമേരിക്കക്കും ഈ കരാര്‍ കൊണ്ട് പ്രയോജനമുണ്ട്. ഭാവിയില്‍ ആണവപരീക്ഷണം നടത്തുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ വരുന്ന തീരുമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആണവകരാറിന് അന്തിമ രൂപമാകും മുന്‍പ് എല്ലാ പാര്‍ട്ടികളുമായും കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നെന്നും രണ്ടു തവണ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുത്താണ് കരാറുമായി മുന്നോട്ടുപോയത്.
ഈ അവസാന നിമിഷത്തില്‍ ഒരു പുനര്‍വിചിന്തനം സാദ്ധ്യമല്ല. ഇന്ത്യയ്ക്ക് ഭാവിയില്‍ കരാര്‍ എപ്രകാരം ഉപയോഗപ്പെടുമെന്ന് കാലം തെളിയിക്കും. - പ്രധാനമന്ത്രി പറഞ്ഞു. മുദ്രാവാക്യം വിളികളാല്‍ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിലാണ് അദ്ദേഹം പ്രസ്താവന വായിച്ചത്.
സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ബിജെപി അംഗങ്ങളുമാണ് ഉറക്കെ മുദ്രാവാക്യം വിളിച്ചത്. പ്രസ്താവന വായിച്ചു തീരുന്നതുവരെ മൌനമായിരുന്ന ഇടതുപക്ഷം അവസാനഘട്ടത്തില്‍ ബഹളവുമായി എഴുനേല്‍ക്കുകയും വോക്ക്-ഔട്ട് നടത്തുകയും ചെയ്തു.
പ്രതിഷേധവുമായി ബിജെപിക്കും മറ്റു പാര്‍ട്ടികള്‍ക്കും ഒപ്പം ചേരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സൂചനയായിരുന്നു ഇത്.
|