ജസ്സീക്കാ ലാല്‍ വധക്കേസ് തേയ്ച്ചുമായ്ച്ചു കളയാന്‍ ഡല്‍ഹി പോലീസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി കോടതി കൈക്കൊണ്ടുവന്ന നടപടികള്‍ അവസാനിപ്പിച്ചു.
“ഇതു സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ പോലീസിനു പങ്കുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.”ജസ്റ്റിസ് ആര്‍ എസ് സോധി, ജസ്റ്റിസ് പി കെ ഭാസിന്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവില്‍ പറഞ്ഞു.
പോലീസിനെതിരായി തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചതിനു ശേഷമാണ് കോടതി പോലീസിനെതിരായ നടപടികള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ജസ്സീക്കാ ലാല്‍ കൊലപാതകക്കേസില്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിച്ചു എന്ന ആരോപണം അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് അന്വേഷണ സംഘം എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്.
ജസ്സീക്കാ വധക്കേസില്‍ മനു ശര്‍മ്മ ഉള്‍പ്പടെയുള്ള പ്രതികളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയത് ഡല്‍ഹി പോലീസ് തെളിവുകള്‍ നശിപ്പിച്ചതിനാലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി സ്വമേധയാ പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ് ഉണ്ടായത്.
സാമൂഹ്യപ്രവര്‍ത്തകയായ ബിനാ രമണിയുടെ റസ്റ്റോറന്‍റില്‍ മനുശര്‍മ്മയ്ക്ക്ക് മദ്യം വിളമ്പാന്‍ തയ്യാറാകാത്തതിനാണ് റാമ്പ് മോഡലായിരുന്ന ജസ്സീക്കാ ലാലിനെ വെടിവച്ചു കൊന്നത്.
|