ആന്ധ്രാ പ്രദേശില്‍ രണ്ട് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്.
കര്‍ണ്ണൂല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത് - 16 പേര്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
നിരവധി പ്രദേശങ്ങളില്‍ റയില്‍, റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങളും തകര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ പത്ത് ജില്ലകളെയാണ് വെള്ളപ്പൊക്കവും മഴയും സാരമായി ബാധിച്ചിരിക്കുന്നത്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിനു പോയ എട്ടു പേരെ കാണാതായിട്ടുണ്ട്.
ഗുണ്ടൂര്‍ ജില്ലയില്‍ അഞ്ച് പേരും പ്രകാശം ജില്ലയില്‍ നാലു പേരും മരിച്ചിട്ടുണ്ട്. കഡപ്പ ജില്ലയിലും കരിം നഗര്‍ ജില്ലയിലും മൂന്നു പേര്‍ വീതം മരിച്ചപ്പോള്‍ ശ്രീകാകുളം, കിഴക്കന്‍ ഗോദാവരി, മെഹബൂബ് നഗര്‍ ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു.
സംസ്ഥാനത്തൊട്ടാകെ 68 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 25,000 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
|