ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാമെന്ന വാഗ്‌ദാനം ഗ്രഹാം ഫോര്‍ഡ് മാറ്റിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ടീമിന്‍റെ പരിശീലക പദവി സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വം ഉയര്‍ന്നു.
ഇംഗ്ലീഷ് കൌണ്ടി ടീമായ കെന്‍റിന്‍റെ ഇടപെടല്‍ ഉണ്ടായതോടെയാണ് ഫോര്‍ഡിന് ഇന്ത്യന്‍ വാഗ്‌ദാനം നിരസിക്കേണ്ടി വന്നിരിക്കുന്നത്. ഇന്ത്യന്‍ ബോര്‍ഡുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇന്ത്യയെ പരിശീലിപ്പിക്കാമെന്നു ഫോര്‍ഡ് സമ്മതിച്ചിരുന്നു. എന്നാല്‍ കെന്‍റിന്‍റെ ഡയറക്‍ടറായി ഒരു വര്‍ഷത്തെ കരാര്‍ കൂടി ഫോര്‍ഡിനുണ്ട്.
ഫോര്‍ഡ് പരിശീലക സ്ഥാനം നിരസിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകനെ അറിയാന്‍ തിങ്കളാഴ്ച ബി സി സി ഐയുടെ യോഗം കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യന്‍ പരിശീലകസ്ഥാനം സംബന്ധിച്ച വാര്‍ത്ത മൂന്നാം തവണയാണ് മാധ്യമങ്ങള്‍ക്കു വിഷയമാകുന്നത്.
നേരത്തേ ബംഗ്ലാദേശിന്‍റെ പരിശീലകനായ ഓസ്‌ട്രേലിയക്കാരന്‍ ഡേവ് വാറ്റ്‌മോര്‍ പരിശീലകനാകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവസാന നിമിഷം വാറ്റ്‌മോറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തഴയുകയും ഫോര്‍ഡിനെയും മറ്റൊരു കൌണ്ടി പരിശീലകന്‍ ജോന്‍ എംബുറിയേയും പരിഗണിക്കുകയായിരുന്നു.
|