ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ ‘ഫ്രോഡ്’ പ്രദര്‍ശിപ്പിക്കില്ല: ലിബര്‍ട്ടി ബഷീര്‍

കൊച്ചി| WEBDUNIA|
PRO
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ അദ്ദേഹത്തിന്‍റെ ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. ബി ഉണ്ണികൃഷ്ണന്‍ അഹങ്കാരിയാണെന്നും വിലക്ക് ഉണ്ണികൃഷ്ണനാണെന്നും സിനിമയ്ക്കല്ലെന്നും ബഷീര്‍ വെളിപ്പെടുത്തി.

ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രമായ 'മിസ്റ്റര്‍ ഫ്രോഡ്' പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ചുകൊണ്ട് ലിബര്‍ട്ടി ബഷീര്‍ കൂടി രംഗത്തെത്തിയതോടെ മലയാള സിനിമാലോകത്തില്‍ മറ്റൊരു സമരകാലത്തിനുകൂടി തുടക്കമാകുകയാണ്.

എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് തടസപ്പെടുത്താന്‍ ബി ഉണ്ണികൃഷ്ണന്‍ ശ്രമിച്ചു എന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയ്ക്കല്ല, ബി ഉണ്ണികൃഷ്ണനെയാണ് വിലക്കുന്നതെന്നും ബഷീര്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തെ വിലക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ മേയ് ഒന്നിനുശേഷം സിനിമാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍‌മാറാനാണ് ഫെഫ്കയുടെ തീരുമാനമെന്നാണ് സൂചന.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്നാണ് ഫെഫ്കയുടെ നിലപാട്‌. ഫെഫ്ക സമരവുമായി മുന്നോട്ടുപോയാല്‍ പിന്തുണയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :