‘ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്തണം’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറന്ന് മൂല്യ നിര്‍ണയം നടത്തണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. ഈ നിലവറ നേരത്തേയും തുറന്ന് ഫോട്ടോയെടുത്തിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തില്‍നിന്ന് കണക്കില്‍പ്പെടാത്ത സ്വര്‍ണവുംമറ്റും കണ്ടെടുത്ത സാഹചര്യത്തില്‍ 'ബി' നിലവറ തുറക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇതിനായി ഭക്തരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് ദേവപ്രശ്‌നം നടത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രസ്റ്റിയെന്ന നിലയില്‍ ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കുന്നതും ദൈവത്തോടുള്ള കടമ നിര്‍വഹിക്കലാണ്. ആ കടമ നിര്‍വഹിക്കാന്‍ കഴിയാത്ത ട്രസ്റ്റിക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. പദ്മനാഭദാസനെന്ന് അറിയപ്പെടുമ്പോള്‍ ഉത്തരവാദിത്വം കൂടുതലാണെന്നും അമിക്കസ് ക്യൂറി ഓര്‍മിപ്പിക്കുന്നു.

'ബി' ഉള്‍പ്പെടെയുള്ള എല്ലാ നിലവറകളും 2007-ല്‍ തുറന്ന് ഫോട്ടോയെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊഴികള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. 2007 ഓഗസ്റ്റ് രണ്ടിന് അന്നത്തെ രാജാവ് മാര്‍ത്താണ്ഡവര്‍മ പുറപ്പെടുവിച്ച സര്‍ക്കുലറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മഹാരാജാസ് സ്റ്റുഡിയോവിലെ ചന്ദ്രകുമാര്‍ എന്ന ഫോട്ടോഗ്രാഫറാണ് നിലവറയിലെ ചിത്രങ്ങളെടുത്തത്. ഇക്കൊല്ലം മാര്‍ച്ച് 14-ന് ചന്ദ്രകുമാര്‍ അമിക്കസ് ക്യൂറി മുമ്പാകെ ഇതു സംബന്ധിച്ച് മൊഴിനല്‍കിയിട്ടുണ്ട്. ചിത്രങ്ങളെടുത്തുവെന്ന് ചന്ദ്രകുമാര്‍ സമ്മതിച്ചുവെങ്കിലും അവയെല്ലാംതന്നെ കമ്പ്യൂട്ടറില്‍നിന്ന് നീക്കംചെയ്‌തെന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തമവിശ്വാസത്തോടെയാണത് ചെയ്തതെന്നും വിവാദങ്ങളില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആല്‍ബം തയ്യാറാക്കുന്നതിന് ഫോട്ടോ എടുത്തവര്‍ വിദഗ്ധസമിതി മൂല്യനിര്‍ണയത്തിന് ഫോട്ടോയെടുക്കുന്നതിനെ എതിര്‍ത്തത് അത്ഭുതകരമാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. നേരത്തേ എടുത്ത ഫോട്ടോകളെക്കുറിച്ച് വിദഗ്ധ സമിതിക്ക് അറിവുമുണ്ടായിരുന്നില്ല. യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നത് തടയുകയായിരുന്നു, നേരത്തേ ഫോട്ടോയെടുത്തത് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുകവഴി ലക്‌ഷ്യമിട്ടിരുന്നതെന്ന് അമിക്കസ് ക്യൂറി ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :