പീഢാനുഭവത്തിന്റെ സ്മരണയില്‍ ദുഃഖ വെള്ളി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മാനവ വംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച ദൈവ പുത്രന്റെ മഹാത്യാഗത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ക്രൈസ്തവ ലോകം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

മരണത്തിനു വിധിക്കപ്പെട്ട ശേഷം പീലാത്തിയൊസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയിലൂടെ കുരിശുമേന്തി ചാട്ടവാറടിയേറ്റ് നടന്നുനീങ്ങിയ യേശുദേവന്റെ പീഢാനുഭവത്തിന്റെ ഓര്‍മ്മപുതുക്കി കേരളത്തില്‍ വിശ്വാസികള്‍ വാഗമണ്ണിലും മലയാറ്റൂരും ഇന്ന് കുരിശുമല കയറുന്ന ചടങ്ങ് നടക്കും.

ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും പീഡാനുഭവ വായനകളും നഗരികാണിക്കലും കുരിശിന്റെ വഴിയും പീഡാനുഭവ പ്രസംഗവും നടക്കും. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി ഏറ്റവും വിശുദ്ധമായി ആചരിക്കുന്ന ദിവസമാണ് ഇന്ന്.

യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കല്‍ ചടങ്ങ് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണം നടക്കും.

പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ശുശ്രൂഷാചടങ്ങുകളും തുടരുകയാണ്. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുഃഖവെള്ളിയോടനുബന്ധിച്ച് മലയാറ്റൂരിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയിര്‍ത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആചരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :