എന്‍റെ ഭാര്യയുടെ അസുഖം വി എസിനും ഉണ്ടെന്ന് പറയുന്നില്ല: ലോറന്‍സ്
കൊച്ചി, വെള്ളി, 21 സെപ്റ്റംബര്‍ 2012( 13:10 IST )
PRO
സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് എം എം ലോറന്‍സെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ ആക്ഷേപത്തിന് ലോറന്‍സിന്‍റെ മറുപടി. തന്‍റെ ഭാര്യയ്ക്കുള്ള അസുഖം വി എസിനും ഉണ്ടെന്ന് പറയുന്നില്ലെന്ന് ലോറന്‍സ് തിരിച്ചടിച്ചു.
“വി എസ് പറഞ്ഞത് അദ്ദേഹത്തിന്‍റെ സംസ്കാരത്തിന് അനുസരിച്ചുള്ള വാക്കുകളാണ്. എന്‍റെ ഭാര്യയ്ക്ക് അസുഖമുണ്ടെന്ന് പാര്‍ട്ടിക്കറിയാം. ഇ എം എസ് അടക്കമുള്ള നേതാക്കള്‍ക്കും അതേക്കുറിച്ച് അറിയാമായിരുന്നു. എന്‍റെ ഭാര്യയ്ക്കുള്ള അസുഖം വി എസിനും ഉണ്ടെന്ന് എന്തായാലും പറയുന്നില്ല” - എം എം ലോറന്‍സ് പറഞ്ഞു.
നാലുമക്കളുടെ അമ്മ കൂടിയായ സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് എം എം ലോറന്‍സെന്നാണ് വി എസ് ആക്ഷേപമുന്നയിച്ചത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമ്മയെ രക്ഷിക്കണമെന്നപേക്ഷിച്ച് ലോറന്‍സിന്‍റെ മകള്‍ തന്നെ വിളിച്ചിരുന്നു. തനിക്കെതിരെ വേണ്ടാതീനങ്ങള്‍ പറഞ്ഞ് തനിക്കറിയാവുന്ന സത്യങ്ങള്‍ പുറത്ത് പറയാനിടയാക്കരുതെന്നും വി എസ് മുന്നറിയിപ്പ് നല്‍കി.
പുന്നപ്ര - വയലാര്‍ സമരത്തില്‍ നിന്നും വി എസ് ഒളിച്ചോടിയതായി ലോറന്‍സ് ആക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം വി എസ് നടത്തിയ കൂടംകുളം യാത്രയെയും ലോറന്‍സ് വിമര്‍ശിച്ചു. താനാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന രീതിയില്‍ വി എസ് നടത്തുന്ന നീക്കങ്ങള്‍ തീര്‍ത്തും പാര്‍ട്ടിവിരുദ്ധമാണെന്നാണ് ലോറന്‍സ് ആരോപിച്ചത്.