അനീഷ് രാജന്റെ കൊലപാതകം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്‌ എഫ്‌ ഐ നേതാവ്‌ അനീഷ് രാജന്റെ കൊലപാതകത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. കൊലപാതകക്കേസ്‌ പൊലീസ്‌ അട്ടിമറിക്കുന്നുവെന്ന്‌ ആരോപിച്ച്‌ സി പി എമ്മിലെ കെ കെ ജയചന്ദ്രനാണ് ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി അടിയന്തരപ്രമേയനോട്ടീസിന്‌ മറുപടി പറയവേ വ്യക്തമാക്കി. രണ്ടാം പ്രതിയെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്നും ഒന്നാം പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയതിനാലാണ്‌ അറസ്റ്റ്‌ ചെയ്യാത്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്വേഷണം കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്നാണ്‌ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചത്‌.

ലീഗിലെയും കോണ്‍ഗ്രസിലേയും ഒരുകൂട്ടം നേതാക്കള്‍ അക്രമം ഉണ്ടാക്കി ക്രമസമാധാനം തകര്‍ക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ കുറ്റപ്പെടുത്തി.

നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടത്. എസ് എഫ് ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്‍റും നെടുങ്കണ്ടം ഏരിയാ സെക്രട്ടറിയുമാണ് അനീഷ്.

ഞായറാഴ്ച വൈകുന്നേരം മഞ്ഞപ്പെട്ടിക്കടുത്ത് കാമാക്ഷിവിലാസം എസ്റ്റേറ്റില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായിരുന്നു. എസ്റ്റേറ്റിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി ഐ ടി യു പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി സംഭവം രമ്യതയിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സി പി എം പ്രവര്‍ത്തകരോടൊപ്പം എത്തിയ അനീഷിന് സംഘര്‍ഷത്തിനിടെ വെട്ടേല്‍ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :