ജയിലിനെ വിറപ്പിക്കുന്നു, തടിയന്റവിട നസീര്‍!

WEBDUNIA|
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറും കൂട്ടുപ്രതികളും വിയ്യൂര്‍ ജയില്‍ അധികൃതരെ വിറപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവരുടെ നിരന്തരമുള്ള ഭീഷണിയിലും അനുസരണക്കേടിലും ജീവാപായം പോലും സംഭവിക്കാമെന്ന ആശങ്കയിലാണ്‌ ജയില്‍ സൂപ്രണ്ട്‌ അടക്കമുള്ളവരെന്ന് മലബാറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ്‌ തടവുകാരുമായി വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇവര്‍ മുതിരാറുണ്ടെത്രെ‌. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി, എറണാകുളം എന്‍ഐഎ കോടതിയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍‌കിയിട്ടുണ്ട്.

മുമ്പ് ഇവരെ പാര്‍പ്പിച്ചിരുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. സാമൂഹികവിരുദ്ധരായ ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത് സെപ്തംബര്‍ മാസത്തില്‍ വാര്‍ത്തയായിരുന്നു. പൂജപ്പുര ജയിലില്‍ ആയിരുന്നപ്പോഴും ഇവര്‍ ഇതുതന്നെയാണ് ചെയ്തിരുന്നത്. വിയ്യൂര്‍ ജയിലിലും ഇപ്പോള്‍ ഇവര്‍ തലവേദനയാവുകയാണ്. വിയ്യൂര്‍ ജയിലില്‍ മാത്രം തടിയന്റവിട നസീറും കൂട്ടുപ്രതികളും അഞ്ചുതവണ ആക്രമണം അഴിച്ചുവിട്ടിരുന്നു.

കോടതികളില്‍ കൊണ്ടുപോവുമ്പോള്‍ പൊലീസുകാരുമായി സഹകരിക്കാതിരിക്കുക പതിവാണ്‌. മട്ടനും ചിക്കനുമടക്കമുള്ള ഭക്ഷണം വേണമെന്നു വാശിപിടിക്കുന്ന ഇവര്‍ക്ക്‌ പോലിസുകാര്‍ സ്വന്തം ചെലവില്‍ നല്‍കുകയാണത്രെ ചെയ്യുന്നത്‌. സ്വന്തമായി ബ്ലോക്ക്‌ വേണമെന്നും ഫോണ്‍ ചെയ്യാന്‍ സൗകര്യംവേണമെന്നും പറഞ്ഞ്‌ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതായും പരാതിയുണ്ട്‌.

സ്ഫോടനക്കേസുകളില്‍ പ്രതിയായ തടിയന്റവിട നസീര്‍, ഷഫാസ്‌, സര്‍ഫാസ്‌ നവാസ്‌, ഫിറോസ്‌ എന്നിവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റണമെന്ന്‌ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. എ.ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ നല്‍കിയിട്ടുണ്ട്‌. നിയമലംഘനം ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരോട്‌ നസീര്‍ കയര്‍ക്കുകയും ഐ.ബിയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പെറ്റി കേസുകളില്‍ പെട്ട് ജയിലില്‍ എത്തുന്ന കുറ്റവാളികളെ ‘നടയടി’ പോലുള്ള മൂന്നാം‌മുറകളിലൂടെ പീഡിപ്പിക്കാന്‍ മുതിരാറുള്ള ജയില്‍ ‘സിംഹങ്ങള്‍’ ഭീകരരായ തടിയന്റവിട നസീറിന്റെയും കൂട്ടുപ്രതികളുടെയും മുന്നില്‍ വെറും ‘പൂച്ചകള്‍’ ആവുകയാണെന്ന് പൊതുജനം വിമര്‍ശനം ഉയര്‍ത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :