പീഡനക്കേസിലെ പ്രതിയായ യുവതിയെ പൊലീസ്‌ പീഡിപ്പിച്ചു?

കൊച്ചി| WEBDUNIA|
PRO
സ്വന്തം മകളെ സിനിമാക്കാരുള്‍പ്പടെ പലര്‍ക്കും വച്ച പറവൂര്‍ പെണ്‍‌വാണിഭക്കേസ് പുതിയ വഴിത്തിരിവില്‍. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യമേഖലാ ഐജിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.

പറവൂര്‍ പെണ്‍‌വാണിഭക്കേസിലെ പതിമൂന്നാം പ്രതിയായ യുവതിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ മാര്‍ച്ച് 18നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ പറവൂര്‍ പൊലീസ് സ്റ്റേഷന്‍റെ മുകളിലെ മുറിയില്‍ ഇവരെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. മൂന്നു പൊലീസുകാര്‍ പീഡിപ്പിച്ചു എന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും യുവതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ മാര്‍ച്ച 22ന് യുവതിയെ മജിസ്ട്രേറ്റിന് മിന്നില്‍ ഹാജരാക്കി. പക്ഷേ, പൊലീസുകാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മുന്നില്‍ വെളിപ്പെടുത്തിയില്ല. പൊലീസുകാരുടെ ഭീഷണി കാരണമാണ് താന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഇക്കാര്യം പറയാഞ്ഞതെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്.

എന്തായാലും പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ യുവതി കേസില്‍ ആശയക്കുഴപ്പമുണ്ടാക്കാനായി വ്യാജ ആരോപണം ഉന്നയിക്കുകയാണോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

മകളെ നിരവധി പേര്‍ക്ക്‌ കാഴ്ച വച്ച സുധീര്‍ പിടിയിലായതോടെയാണ് കേരളീയ മനസാക്ഷിയെ ഞെട്ടിച്ച പീഡനകഥകള്‍ പുറം ലോകമറിയുന്നത്. പല പ്രമുഖരും ഈ പെണ്‍‌വാണിഭത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. പത്തിലധികം പേര്‍ ഇതുവരെ അറസ്റ്റിലായി. പതിനെട്ടോളം പേരെ ഇനിയും പിടികൂടാനുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :