നബിയുടെ മുടി; ഒ അബ്ദുള്ളയ്ക്ക് പിന്തുണ

കോഴിക്കോട്| WEBDUNIA|
PRO
PRO
തിരുകേശം തട്ടിപ്പാണെന്ന് തുറന്നടിച്ചതിന് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും വാഗ്മിയുമായ ഒ അബ്ദുള്ളയെ വധിക്കുമെന്നും കൈകള്‍ തോളറ്റം വരെ ഛേദിക്കുമെന്നും ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സാംസ്കാരികകേരളം അബ്ദുള്ളയ്ക്ക് പിന്തുണയുമായെത്തി. കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന, തനിക്ക്‌ വിയോജിപ്പുള്ള കാര്യത്തെ, തന്റെ ഒരു ലേഖനത്തിലൂടെ ചോദ്യംചെയ്തയാളെ കൊല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നതിനെതിരെ ജനങ്ങളും സര്‍ക്കാരും ഒറ്റക്കെട്ടാവണമെന്നാണ് കെ വേണു അടക്കമുള്ള സാംസ്കാരിക നായകര്‍ സയുക്ത പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

“തനിക്ക്‌ വിയോജിപ്പുള്ള കാര്യത്തെ ചോദ്യംചെയ്ത ഒ അബ്ദുല്ലയെ വധിക്കണമെന്നും കൈകള്‍ തോളറ്റം വരെ ഛേദിക്കണമെന്നും നിരന്തരമായി അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുന്നതിനുമെതിരേ മുക്കം പോലിസ്‌ സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കുകയും കോഴിക്കോട്‌ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും സാംസ്കാരിക കേരളം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ഈ കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുകയാണ്‌.”

“തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയമായ ലാഭനഷ്ടങ്ങള്‍ നോക്കി ഒരു പ്രമുഖ വോട്ടുബാങ്കിന്‌ അലോസരമുണ്ടാക്കേണ്ടെന്ന് കരുതിക്കൂട്ടിയുള്ള സംയമനമോ കുറ്റകരമായ മൗനമോ ആണ്‌ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്താതിരിക്കുന്നതിനു പലരെയും പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ ഈ നിശ്ശബ്ദത ഫാഷിസത്തിനു കീഴൊതുങ്ങാനും അഭിപ്രായസ്വാതന്ത്ര്യത്തെ പണയപ്പെടുത്താനുമാവും വഴിവയ്ക്കുക. ഒ അബ്ദുല്ലയെ പിന്തുണയ്ക്കാനും അദ്ദേഹത്തെ സംരക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സാംസ്കാരിക നായകരും ജനങ്ങളും സര്‍ക്കാരും തയ്യാറാവണം” - പ്രസ്താവന പറയുന്നു.

സംയുക്ത പ്രസ്താവനയില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോക്‌ടര്‍ എംഎസ്‌ ജയപ്രകാശ്‌, കെ വേണു, എ വാസു, എന്‍പി ചെക്കുട്ടി, സിവിക്‌ ചന്ദ്രന്‍, ജെ ദേവിക, സിആര്‍ നീലകണ്ഠന്‍, ജമാല്‍ കൊച്ചങ്ങാടി, ടോമി മാത്യു, എപി കുഞ്ഞാമു, റെനി ഐലിന്‍, എന്‍എം സിദ്ദീഖ്‌, കെപിഒ റഹ്മത്തുല്ല, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, കെപി സേതുനാഥ്‌ എന്നിവര്‍ ഒപ്പുവച്ചിട്ടുണ്ട്.

കാരന്തൂര്‍ മര്‍ക്കസിലുള്ള മുഹമ്മദ് നബിയുടെ മുടിയുമായി ബന്ധപ്പെട്ടാണ് ഇക്കഴിഞ്ഞ 21-ന് തേജസ് ദിനപ്പത്രത്തില്‍ ഒ അബ്ദുള്ളയുടെ ലേഖനം പ്രസിദ്ധീകരിച്ചത്. കാന്തപുരത്തിന്റെ അനുയായികള്‍ പ്രവാചകന്റേത് എന്ന് പറഞ്ഞ് ഒരു തലമുടി കൊണ്ടുവന്ന് വെള്ളത്തിലിട്ട ശേഷം ആ വെള്ളം അജ്ഞരായ ആളുകള്‍ക്ക് വന്‍‌തുകയ്ക്ക് ലേലം ചെയ്ത് കൊടുത്ത സംഭവമാണ് തന്റെ ലേഖനത്തിന് ആധാരമായതെന്ന് പറയുന്നു.

ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നുകൊണ്ടുതന്നെ പ്രവാചകന്റേത് എന്ന് സുസ്ഥിരമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കപ്പെടാത്തിടത്തോളം ഈ സംഭവം സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും മഹാന്‍മാരുടെ ശരീരവിസര്‍ജ്യങ്ങള്‍ മറ്റേതൊരാളുടെയും പോലെ ദൂരെ കളയേണ്ടതാണെന്നും താന്‍ എഴുതി. ലേഖനം പ്രസിദ്ധീകരിച്ച ശേഷം തനിക്ക് ലാന്‍ഡ് ഫോണ്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും നിരന്തരം വധഭീഷണി ഉണ്ടെന്നും ചേകന്നൂര്‍ മൌലവിയെ പോലെ കൊന്നുകളയുമെന്നാണ് ഭീഷണിയെന്നും ഒ അബ്ദുള്ള നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ കോള്‍ ലോഗ് പരിശോധിച്ചാല്‍ പലപ്പോഴും ഒരേ ആള്‍ തന്നെയാണ് ഭീഷണിപ്പെടുത്തുന്നത് എന്ന് മനസ്സിലാവും. ഫെബ്രുവരി 24-ന് കാന്തപുരത്തെ അനുകൂലിക്കുന്ന പത്രമായ സിറാജില്‍ തന്റെ രണ്ട് കൈയും വെട്ടിമാറ്റണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. ഒഎം തരുവണ എന്നയാള്‍ എഴുതിയ ലേഖനത്തില്‍, പ്രഫസര്‍ ജോസഫിന്റെ കൈ വെട്ടിയത് നബി തിരുമേനിയുടെ പേരിലാണെങ്കില്‍ ഒ അബ്ദുള്ളയുടെ രണ്ട് കൈകളും തോളത്ത് വച്ച് വെട്ടിമാറ്റാന്‍ ഈ ലേഖനത്തില്‍ വകയുണ്ട് എന്ന് പറയുന്നതായും അബ്ദുള്ള തന്റെ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

(ഖസ്‌റജ് ഗോത്രത്തിന്റെ അദ്ധ്യക്ഷന്‍ ശൈഖ് മുഹമ്മദ് ഖസ്‌റജി പാരമ്പര്യമായി ലഭിച്ച തിരുകേശം കാന്തപുരത്തിന് കൈമാറുന്ന ചിത്രം.)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :