ലോട്ടറി ഓര്‍ഡിനന്‍സില്‍ ഭേദഗതി വേണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് യോജിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചട്ടം (4) പാലിച്ചുവേണം നറുക്കെടുപ്പെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് തര്‍ക്കമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ധനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മുന്‍കൂര്‍ നികുതി വാങ്ങുന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ ഹൈക്കോടതി നടപടിക്കനുസരിച്ച് തീരുമാനിക്കും. കേന്ദ്രനിയമം അതേപടി നടപ്പാക്കിയാല്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് തിരിച്ചുവരാനാവും. കേന്ദ്ര ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാര്‍, ലോട്ടറി ഓര്‍ഡിനന്‍സുകളില്‍ ഭേദഗതി വരുത്തിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞിരുന്നു. ലോട്ടറി ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രിയെ കണ്ട് തന്‍റെ അഭിപ്രായം അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തന്‍റെ അഭിപ്രായം ഉള്‍പ്പെടുത്തി ഭേദഗതികളോടെ ലോട്ടറി ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നും മൂന്ന് ഇരട്ടി മുന്‍കൂര്‍ നികുതി ഈടാക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടില്‍ മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചിരുന്നു.