ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അധ്യാപകനെ പുറത്താക്കിയതിനെതിരെ എംഎ ബേബി (MA Baby against thodupuzha newmans college)
Bookmark and Share Feedback Print
 
PRO
വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിനെ പുറത്താക്കിയതിനെതിരെ വിദ്യാഭ്യാസമന്ത്രി എം എ ബേബി രംഗത്ത്. അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയത് കടുത്ത നടപടിയായി പോയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകന്‍ ചെയ്ത പിഴവുമായി താരതമ്യം ചെയ്യുമ്പോള്‍ പുറത്താക്കിയ നടപടി ആവശ്യത്തില്‍ കവിഞ്ഞതല്ലേ എന്നും അദ്ദേഹം ചോദിച്ചു. അധ്യാപകന്‍ ചെയ്ത തെറ്റിന്‍റെ ഇരട്ടിശിക്ഷ അദ്ദേഹത്തിന്‌ തിരിച്ചുകിട്ടിയെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി മാനേജ്മെന്‍റിന്‍റെ നടപടി സര്‍ക്കാര്‍ പരിശോധിക്കുമെന്നും പറഞ്ഞു. പുറത്താക്കിയതുമായി ബന്ധപ്പെട്ട്‌അധ്യാപകന്‌ യൂണിവേഴ്സിറ്റി ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സര്‍വ്വീസില്‍ നിന്ന് തന്നെ പുറത്താക്കിയത് വളരെ വേദനാജനകമാണെന്ന് അധ്യാപകനായ ടി ജെ ജോസഫ് പറഞ്ഞു. ഇക്കാര്യം കോളജ് അധികൃതര്‍ ഔദ്യോഗികമായി ഇതുവരെയും തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. താന്‍ ഇപ്പോള്‍ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന്‌ ഇങ്ങനെയൊരു പുറത്താക്കല്‍ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതൊരു കടുത്ത ശിക്ഷയാണെന്നും അധ്യാപകന്‍ പറഞ്ഞു.

അതേസമയം, വിവാദം ഉണ്ടാകും എന്നറിഞ്ഞിട്ടും ചോദ്യം പിന്‍വലിക്കാതിരുന്നതു കൊണ്ടാണ്‌ പ്രഫ ടി ജെ ജോസഫിനെ പിരിച്ചുവിട്ടതെന്ന്‌ ന്യൂമാന്‍ കോളജ്‌ മാനേജ്മെന്‍റ് വ്യക്തമാക്കി. മുസ്ലീം സമുദായമോ കോടതിയോ ആവശ്യപ്പെട്ടാല്‍ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കിയതായി കഴിഞ്ഞദിവസമാണ് മാനേജ്മെന്‍റ് പ്രഖ്യാപിച്ചത്. വിവാദചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്‍റെ പേരില്‍ അക്രമിസംഘം അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയിട്ട് രണ്ട്‌ മാസം തികയുമ്പോഴാണ് മാനേജ്മെന്‍റിന്‍റെ ഭാഗത്തു നിന്ന് പുതിയ നടപടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍