സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി തിങ്കളാഴ്ച യോഗം വിളിക്കും. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്മിനിസ്ട്രേറ്റീവ് സൂപ്പര്‍വൈസറി, ഫീ റെഗുലേറ്ററി കമ്മറ്റികളുടെ യോഗം തിങ്കളാഴ്ച വിളിക്കുന്നത്.
മെഡിക്കല്‍ മാനേജ്മെന്‍റുകളെ അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് കമ്മിറ്റിയുടെ ഓഫീസ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കിയാല്‍ കമ്മറ്റി നിശ്ചയിച്ച ഫീസ് ഈടാക്കേണ്ടി വരും.
2,35,000 രൂപമുതല്‍ 2,50,000 രൂപ വരെയാണ് കമ്മറ്റി നിശ്ചയിച്ച ഫീസ്. കരാറില്‍ ഭേദഗതി വരുത്തിയാല്‍ അത് കമ്മറ്റിക്ക് പരിശോധിക്കേണ്ടി വരും. കഴിഞ്ഞദിവസം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റില്‍ ഫീസ് വര്‍ധിപ്പിച്ചിരുന്നു. 1,38,000 രൂപയായിരുന്നു പുതുക്കിയ ഫീസ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഫീസില്‍ ഇളവില്ല.
അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ കോഴ്സിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സര്‍ക്കാരും മാനേജ്മെന്‍റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണായായിരുന്നു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് അടിയന്തിരമായി ഇറക്കും.