ന്യൂഡല്‍ഹി, വെള്ളി, 3 സെപ്റ്റംബര്‍ 2010( 12:37 IST )
PRO
ലോട്ടറി വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ധനമന്ത്രി തോമസ് ഐസക്കും സംവാദത്തിന് തയ്യാറാകാതെ കോണ്‍ഗ്രസും. പരസ്യസംവാദത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് ആരും അതിന് ഇതുവരെ തയ്യാറായിട്ടില്ല. പ്രതിനിധിയെ അയയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ഐസക് അതില്‍ തൃപ്തനല്ല.
ഈ സാഹചര്യത്തിലാണ്, ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ ഈ മാസം ഒമ്പതാം തീയതി കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് പരസ്യസംവാദത്തിന് താന്‍ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, തങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്കുകയാണ് ധനമന്ത്രി ആദ്യം ചെയ്യേണ്ടതെന്ന നിലപാടിലാണ് യു ഡി എഫ്.
ഗുസ്തിക്കാരെപ്പോലെ എന്നും രാവിലെ സംവാദത്തിന് വെല്ലുവിളിക്കാതെ ലോട്ടറി വിവാദത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് വസ്തു നിഷ്ഠമായ മറുപടി നല്കാന്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇന്ന് വീണ്ടും ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്ക് ഉള്ളിലാണ് ചെന്നിത്തലയുടെ ഈ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഈ മാസം 16ന് സമരപരിപാടികള്‍ ആരംഭിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐസക്കുമായി പരസ്യസംവാദത്തിന് പ്രതിനിധിയെ ചുമതലപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ധനമന്ത്രി തോമസ് ഐസക് ലോട്ടറി മാഫിയയുടെ പ്രചാരകനാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു. സി പി എമ്മും അതില്‍നിന്ന് പങ്കുപറ്റുന്നുണ്ടെന്ന് രവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കില്‍നിന്ന് സംവാദമല്ല, നടപടിയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നിയമത്തെ കുറ്റം പറയുന്നത് സാന്‍റിയാഗോ മാര്‍ട്ടിനെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.