ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യാന്‍ സഹായിക്കാമെന്ന് ഡി ജി പി ജേക്കബ് പുന്നൂസ്. ഇക്കാര്യത്തില്‍ കര്‍ണാടക പൊലീസ് രേഖാമൂലം സഹായം ആവശ്യപ്പെട്ടാല്‍ നല്കാമെന്ന് ഡി ജി പി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇതുവരെ അത്തരം ആവശ്യങ്ങളൊന്നും കര്‍ണാടക പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തടിയന്‍റവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സന്ദര്‍ശിച്ചതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഡി ജി.പി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയ്ക്കടുത്തുള്ള ജില്ല ആസ്ഥാനത്ത് നസീര്‍ താമസിച്ചതായി രേഖകള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ചില പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടായിരുന്നത്.