കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ എട്ടാം പ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കി. ഷമ്മിയെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ ഐ എ കോടതി അനുവദിച്ചു. മറ്റു പ്രതികളുമായി ഇടപഴകരുതെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഷമ്മി ഫിറോസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കണം എന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. മാപ്പുസാക്ഷിയാകാന്‍ ഷമ്മി ഫിറോസ് സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ പ്രതിയുടെയും പ്രോസിക്യൂട്ടറുടെയും വാദം കേട്ടതിനു ശേഷമാണ് കോടതി മാപ്പുസാക്ഷിയാക്കി ഉത്തരവിട്ടത്.
തടിയന്‍റവിട നസീര്‍ മുഖ്യപ്രതിയായ കേസിന്‍റെ കുറ്റപത്രം കഴിഞ്ഞയാഴ്ച കോടതിയില്‍ എന്‍ ഐ എ സമര്‍പ്പിച്ചിരുന്നു. വിദേശത്തായിരുന്ന ഷമ്മി ഫിറോസിനെ ദേശീയ അന്വേഷണ ഏജന്‍സി ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. നാട്ടിലെത്തി കീഴടങ്ങിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ ഐ എ വാഗ്ദാനം ചെയ്തിരുന്നു.
പ്രധാന പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ ഐ എ ഇയാളെ നാട്ടിലെത്തിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് അറുപതിലധികം സാക്ഷികള്‍ ഇപ്പോള്‍ കോഴിക്കോട് സ്‌ഫോടന കേസിലുണ്ട്. കേസില്‍ പ്രതിയായ തടിയന്റവിട നസീറിന് മറ്റ് പ്രതികളുമായി ഉണ്ടായിട്ടുള്ള ബന്ധവും സ്‌ഫോടനത്തിന്റെ ആസൂത്രണവും ഷമ്മിയിലൂടെ വിശദമായി പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎക്ക് കഴിയുമെന്നാണ് പ്രതീക്ഷ.