കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ എട്ടാം പ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കണമെന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വിധി പറയും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹര്‍ജി പരിഗണിക്കുന്നത്. മാപ്പുസാക്ഷിയാകാന്‍ ഷമ്മി ഫിറോസ് സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ പ്രതിയുടെയും പ്രോസിക്യൂട്ടറുടെയും വാദം കോടതി കേള്‍ക്കും. അതിനുശേഷമായിരിക്കും പ്രതിയെ മാപ്പുസാക്ഷിയാക്കാമോ എന്ന കാര്യം തീരുമാനിച്ചുകൊണ്ട് ഉത്തരവിടുക.
തടിയന്റെവിട നസീര്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം കഴിഞ്ഞയാഴ്ച കോടതിയില്‍ എന്‍ ഐ എ സമര്‍പ്പിച്ചിരുന്നു. വിദേശത്തായിരുന്ന ഷമ്മി ഫിറോസിനെ ദേശീയ അന്വേഷണ ഏജന്‍സി ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. പ്രധാനപ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ ഐ എ ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ ആലോചിക്കുന്നത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് അറുപതിലധികം സാക്ഷികള്‍ ഇപ്പോള്‍ കോഴിക്കോട് സ്‌ഫോടന കേസിലുണ്ട്. തെളിവിന്റെ കണ്ണികള്‍ക്ക് ഷമ്മിയെ മാപ്പുസാക്ഷിയാക്കിയാല്‍ കൂടുതല്‍ ബലം നല്‍കാന്‍ പ്രോസിക്യൂഷന് കഴിയും. കേസില്‍ പ്രതിയായ തടിയന്റവിട നസീറിന് മറ്റ് പ്രതികളുമായി ഉണ്ടായിട്ടുള്ള ബന്ധവും സ്‌ഫോടനത്തിന്റെ ആസൂത്രണവും ഷമ്മിയിലൂടെ വിശദമായി പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎക്ക് കഴിയുമെന്നാണ് പ്രതീക്ഷ.