ആലപ്പുഴ: തനിക്ക് സി പി ഐലേക്ക് സ്വാഗതമരുളിയ വെളിയം ഭാര്‍ഗവന്‍ പറഞ്ഞത് തമാശയാണെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ. വെളിയം ഭാര്‍ഗവന്‍റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ഗൌരിയമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
യു ഡി എഫില്‍ ഐക്യം വേണമെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഗൌരിയമ്മ വ്യക്തമാക്കി. സി പി ഐയിലേക്ക് പോകണമായിരുന്നെങ്കില്‍ അത് ടി വി ജീവിച്ചിരിക്കുമ്പോഴേ ആകാമായിരുന്നു. തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും ഗൌരിയമ്മ വ്യക്തമാക്കി.
അതേസമയം, ഗൌരിയമ്മ തീരുമാനം എടുക്കാന്‍ കഴിവുള്ളയാളാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഗൗരിയമ്മ കോണ്‍ഗ്രസിനെതിരെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആയിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഗൌരിയമ്മയുടെ കുടുംബമാണ് സി പി ഐ. പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് അറിയിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വെളിയം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പണ്ട് ഇ കെ നായനാര്‍ ഇത്തരം തമാശകള്‍ പറയുമായിരുന്നുവെന്ന് ഗൌരിയമ്മ പറഞ്ഞു. സഹികെട്ടാണ് 94ല്‍ എല്‍ ഡി എഫില്‍ നിന്നിറങ്ങിയത്. ഏതുകാലത്തും യു ഡി എഫിന് ഒപ്പം നില്‍ക്കാനാണ് തീരുമാനമെന്നും മരണംവരെ താന്‍ രാഷ്ട്രീയത്തില്‍ തുടരുമെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.