ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്ത പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അടുത്ത മാസം ഏഴു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദനിയുടെ കസ്റ്റഡി കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ മദനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മദനിയെ ഹാജരാക്കിയത്. മദനിക്ക് എല്ലാവിധ ചികിത്സയും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചേകാലോടെയാണ് മദനിയെ കോടതിയില്‍ എത്തിച്ചത്.
അതേസമയം, ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മദനി ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയില്‍ ആണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ മദനി പറയുന്നു.
കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായ മദനിയെ ഈ മാസം 17-നായിരുന്നു കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.