പാപ്പിനിശ്ശേരി കണ്ടല്പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഉത്തരവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വനം- പരിസ്ഥിതിമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ കണ്ടല്‍ പാര്‍ക്ക് നാളെ തുറക്കും.
പാര്‍ക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഭൂമി കൈമാറ്റം ചെയ്യരുത്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, പാര്‍ക്കിലെ വസ്തുവകകള്‍ കൈമാറ്റം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പാപ്പിനിശേരി കണ്ടല്‍പാര്‍ക്ക് പരിസ്ഥി വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം പാര്‍ക്ക് പൂട്ടാന്‍ ഉത്തരവിട്ടത്.