വയനാട് ഒഴിപ്പിക്കല്‍: റിപ്പോര്‍ട്ട് ഇന്ന്

വയനാട്| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (09:34 IST)
വയനാട്ടില്‍ ആദിവാസികള്‍ കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി കൈക്കൊണ്ട നടപടി ക്രമങ്ങളെക്കുറിച്ച് ജില്ലാ ഭരണകുടം റിപ്പോര്‍ട്ട് കൈമാറും. അഡ്വക്കേറ്റ് ജനറലിനായിരിക്കും ദൂതന്‍ മുഖേന റിപ്പോര്‍ട്ട് കൈമാറുക.

വയനാട്ടില്‍ ആദിവാസികള്‍ നടത്തിയ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം ഇന്ന്‌ അവസാനിക്കാനിരിക്കേയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌. രക്‌തച്ചൊരിച്ചിലില്ലാതെ വയനാട്ടിലെ ഭൂമി കൈയേറ്റങ്ങള്‍ ഭൂരിഭാഗവും ഒഴിപ്പിക്കാന്‍ കഴിഞ്ഞെന്നാണ്‌ ഭരണകൂടത്തിന്‍റെ അവകാശവാദം.

കൈയേറ്റഭൂമികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനാകും അധികൃതരുടെ ശ്രമം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വയനാട്ടില്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തിന് കൈയേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല.

സി പി എമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം ശക്തമാക്കിയതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് പൊലീസ് മടങ്ങുകയായിരുന്നു. ഹാരിസണ്‍ മലയാളം എസ്റ്റേറ്റ്‌ ഭൂമിയില്‍ കൊടി നാട്ടി പ്രതീകാത്മക സമരം നടത്തിയ അമ്പതോളം പേരെ പൊലീസ്‌ അറസ്റ്റു ചെയ്തു നീക്കി. എന്നാല്‍ മേപ്പാടി കല്‍പ്പറ്റയില്‍ ജനതാദള്‍ നേതാവ്‌ ജോര്‍ജ്‌ പോത്തന്‍റെ ഭൂമിയിലെ കൈയേറ്റം സി പി എം നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രതിഷേധം മൂലം ഒഴിപ്പിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :