സ്ഥലംമാറ്റം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 3 ജൂണ്‍ 2010 (13:16 IST)
PRO
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. ഉത്തരവ് ഇന്നു കൈപ്പറ്റി നാളെ ജോലിയില്‍ പ്രവേശിക്കണം. അല്ലാത്തപക്ഷം ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്നവര്‍ക്ക് മാറ്റമുണ്ടാകുക സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ ഡോക്ടര്‍മാര്‍ ഇപ്പോഴുണ്ട്. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അവധിയെടുത്താലും ആസ്​പത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.

സൂപ്രണ്ടുമാരടക്കമുള്ള 1,155 ഡോക്ടര്‍മാരെയാണ് ഒറ്റയടിക്ക് ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയിരിക്കുന്നത്. മേയ്‌ 30നാണു സ്ഥലംമാറ്റ ഉത്തരവ്‌ ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. ഉത്തരവ് കൈപ്പറ്റി ചുമതലയൊഴിഞ്ഞ പലരും പുതിയ സ്ഥലത്ത്‌ ചുമതലയേറ്റിട്ടില്ല. ഇഷ്ടമില്ലാത്തിടത്തേക്ക്‌ മാറ്റം കിട്ടിയ ചിലര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഫലത്തില്‍ പല ആശുപത്രികളിലും ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്.

കേഡര്‍ നടപ്പാക്കിയപ്പോള്‍ നൂറ്റിയമ്പതോളം ഡോക്ടര്‍മാരുടെ സീനിയോറിറ്റി നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ ഉത്തരവ്‌ കണക്കിലെടുക്കേണ്ടതില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :