കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
കോണ്‍ഗ്രസിന്‍റെ മതേതരത്വ നിലപാടിന് വി എസ് അച്യുതാനന്ദന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനുള്ള സി പി എം ശ്രമമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുനേതാക്കള്‍ ദേശീയ തലത്തില്‍ കൈക്കൊണ്ടിരിക്കുന്ന നയത്തിന്‍റെ ഭാഗമാണിത്‌. ദേശീയ തലത്തില്‍ സി പി എം ബിജെപിയോടൊപ്പം ചേര്‍ന്ന്‌ തീവ്ര ഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുന്നതിന്‍രെ സൂചനയാണ്‌. ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ച്‌ സി പി എം പറയുന്നത്‌ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ മാറിമാറി താലോലിക്കുന്ന നിലപാടാണു മാര്‍സിസ്റ്റു പാര്‍ട്ടിയുടേത്. പി ഡി പിയുമായി വേദി പങ്കിടുകയും ജമാ അത്തെ ഇസ്‌ലാമിയുമായി കൈകോര്‍ത്തു നടക്കുകയും ചെയ്‌തവരാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാര്‍‍.

കേരളത്തില്‍ മതേതരത്വത്തിനു വേണ്ടി നിലകൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസ്‌. കോണ്‍ഗ്രസിന്‍റെ മതേതരത്വ നിലപാടിനു മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല. കോണ്‍ഗ്രസ്‌ വര്‍ഗീയത വളര്‍ത്തുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

കോണ്‍ഗ്രസിന്‍റെ ഭരണഘടനയും കീഴ്‌വഴക്കങ്ങളും അറിയുന്ന ആരും പി സി ചാക്കോയുടെ പ്രസ്താവന ഗൗരവമായി എടുക്കില്ലെന്നും പ്രസ്‌താനവനയെക്കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :