സംസ്ഥാനത്ത് വര്‍ഗീയത വളരുന്നു: വി‌എസ്

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (17:37 IST)
PRO
സംസ്ഥാനത്ത് മുസ്ലീം-ക്രൈസ്തവ വര്‍ഗീയത വളരുകയാണെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍. ഇതിന്‍റെ പരിണിത ഫലമായിട്ടാണ് മാണി-ജോസഫ് ലയനമുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി ജമാ അത്ത് ഇസ്ലാമിയുമായി ചര്‍ച്ചയ്ക്ക് പോയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി‌എസ്.

മതേതര സംഘടനയെന്ന് വിളിച്ചുപറഞ്ഞു നടക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ഈ പ്രശ്നങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണെന്നും വി‌എസ് കുറ്റപ്പെടുത്തി. മാണി-ജോസഫ് ലയനത്തിനായി ആവേശത്തോടെ ഇറങ്ങിയവര്‍ ഇപ്പോള്‍ വിഷമവൃത്തത്തിലാണെന്നും മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ഭീതിയിലാണ് കുഞ്ഞാലിക്കുട്ടി ജമാ അത്തെ ഇസ്ലാമിയുമായി ചര്‍ച്ചയ്ക്ക് മുതിര്‍ന്നതെന്നും വി‌എസ് ചൂണ്ടിക്കാട്ടി.

എല്‍‌ഡി‌എഫ് മന്ത്രിസഭയില്‍ നാലു വര്‍ഷം അംഗമായിരുന്നപ്പോഴൊന്നും യാതൊരു പ്രശ്നങ്ങളും പറയാതിരുന്ന പിജെ ജോസഫ് ഒരു സുപ്രഭാതത്തില്‍ ലയനമെന്ന ആശയവുമായി ഇറങ്ങിയത് ചിലയിടങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമാണ്. ജമാ അത്തെ ഇസ്ലാമി നല്ല കക്ഷിയാണെന്ന സര്‍ട്ടിഫിക്കേറ്റ് എല്‍‌ഡി‌എഫ് നല്‍കിയിട്ടില്ല. പിസി തോമസിനെ മുന്നണിയില്‍ എടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

താരതമ്യേന യോജിച്ച് കാര്യങ്ങള്‍ തീരുമാനിച്ച് പോകുന്ന ഗുണപരമായ ഒരു പ്രസ്ഥാനമാണ് എല്‍‌ഡി‌എഫ്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ ഭരണത്തെ ബാധിച്ചുവെന്ന ആരോപണവും വി‌എസ് നിഷേധിച്ചു. കൊക്കോകോള വിവാദവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രസംഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് വി‌എസ് പറഞ്ഞു.

ജനങ്ങളുടെ വിഷമങ്ങള്‍ മനസിലാക്കിയാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്ന് കിനാലൂര്‍ ഉള്‍പ്പെടെയുള്ള ഭൂമിവിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വി‌എസ് പറഞ്ഞു. ജനങ്ങളെ വെടിവെച്ചുകൊല്ലാതെ ഉള്ള സ്ഥലത്ത് ഭംഗിയായി റോഡ് നിര്‍മ്മിക്കാന്‍ കഴിയുമെന്നും വി‌എസ് പറഞ്ഞു. സ്വത്വരാഷ്ട്രീയം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോളിറ്റ് ബ്യൂറോയിലേക്കുള്ള മടക്കം ചോദിച്ചപ്പോള്‍ അവര്‍ ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു വി‌എസിന്‍റെ മറുപടി.

സ്പെക്ട്രം വിഷയത്തിലുള്‍പ്പെടെ കേന്ദ്രത്തെ വിമര്‍ശിച്ചാണ് വി‌എസ് മുഖാമുഖം ആരംഭിച്ചത്. ഇടതുസര്‍ക്കാരിന്‍റെ നാലുവര്‍ഷത്തെ സുപ്രധാന നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :