പഠിപ്പുമുടക്ക് സമരം വേണ്ട: എംഎ ബേബി

തിരുവനന്തപുരം| WEBDUNIA|
PRO
പഠിപ്പു മുടക്കിയുള്ള സമരങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി. തിരുവനന്തപുരം ജില്ലയിലെ അഴീക്കോട്‌ ഗവ യുപി സ്കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂളുകളില്‍ ഈ വര്‍ഷം മുതല്‍ നീന്തലും കളരിയും പഠിപ്പിക്കാന്‍ ആരംഭിക്കും. ഇതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കംപ്യൂട്ടര്‍ വിദ്യാഭ്യാസം യു പി ക്ലാസിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പഠിപ്പു മുടക്കിയുള്ള സമരമാര്‍ഗങ്ങള്‍ ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആകെയുള്ള 200 പ്രവൃത്തിദിവസങ്ങളില്‍ ഒന്നു പോലും നഷ്ടമാകാതിരിക്കാന്‍ അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുമാരനാശാന്‍ കവിതയും ചൊല്ലി. ‘പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം’ എന്ന കവിതയാണ് മുഖ്യമന്ത്രി ചൊല്ലിയത്. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ കൈവരിച്ച് നേട്ടങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :