വെള്ളം നിഷേധിച്ചാല്‍ നിയമം കൈയിലെടുക്കും: വൈക്കോ

പാലക്കാട്‌| WEBDUNIA|
PRO
തമിഴ്നാടിന് വെള്ളം നിഷേധിച്ചാല്‍ നിയമം കൈയിലെടുക്കുമെന്ന് എം ഡി എം കെ നേതാവ് വൈകോ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാലക്കാട്‌ റോഡില്‍ കെജി ചാവടിയില്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈക്കോ. മുല്ലപ്പെരിയാര്‍ അണക്കെട്ടില്ലെങ്കില്‍ തമിഴ്നാടിന്‍റെ ദക്ഷിണഭാഗം മരുഭൂമിയാകുമെന്നും അദ്ദേഹം പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം നേരം നീണ്ടുനിന്ന പ്രസംഗം അണികളെ ആവേശഭരിതരാക്കുന്ന തരത്തിലുള്ളതായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ ഇന്ത്യയുടെ അഖണ്ഡതയും കേരത്തിന്‍റെയും തമിഴ്നാടിന്‍റെയും ഐക്യവും തകരും. കേരളാ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നുണപ്രചാരണം നടത്തുകയാണ്. സമരം കേരളത്തിന് എതിരല്ലെന്ന് പ്രസംഗത്തിലുടനീളം വൈക്കോ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്നുള്ള വാദം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഡാം സുരക്ഷ ബില്‍ രാജ്യത്തിന്‍റെ അഖണ്ഡത നശിപ്പിക്കും. പുതിയ അണ കെട്ടിയാല്‍ വെള്ളം തരുമെന്ന് പറയുന്നു. കേരളത്തിന്‍റെ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനും ഇങ്ങനെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

ഇപ്പോള്‍തന്നെ കേരളത്തിന് തമിഴ്നാട് 200 മെഗാപവര്‍ വൈദ്യുതി നല്കുന്നുണ്ട്. ഇടുക്കി ഡാമിനെക്കാള്‍ സുരക്ഷിതമാണ് മുല്ലപ്പെരിയാര്‍ ഡാം. പുതിയ അണ കെട്ടിയാല്‍ തമിഴ്നാട്ടിലേക്ക് വെള്ളം വരില്ല. കേരള സര്‍ക്കാരിനെ തിരുത്താന്‍ അവിടുത്തെ ജനങ്ങള്‍ തയ്യാറാകണം. കേരളം ഈ നില തുടരുകയാണെങ്കില്‍ കേരളവും തമിഴ്നാടും അനുഭവിക്കുമെന്നും വൈക്കോ മുന്നറിയിപ്പ് നല്കി.

പ്രസംഗത്തിന് ഇടയ്ക്ക് മലയാളം ഉപയോഗിച്ച് പ്രസംഗം വൈകാരികമാക്കാനും വൈക്കോ ശ്രമം നടത്തി. മലയാള ജനങ്ങളെ സഹോദരന്മാരെ, നമ്മള്‍ ചേട്ടനും അനിയനുമാ. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്നുമായിരുന്നു മലയാളത്തില്‍ അദ്ദേഹം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :