മാധ്യമങ്ങള്‍ക്ക് ശക്തമായ നിലപാടുണ്ടോ?: കരീം

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് വികസന കാര്യത്തില്‍ ശക്തമായ നിലപാട് ഉണ്ടോയെന്ന് വ്യവസായമന്ത്രി എളമരം കരീം. തിരുവനന്തപുരം പ്രസ് ക്ലബില്‍ കേസരി സ്മാരക ട്രസ്റ്റിന്‍റെ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ദേശീയപാതയുടെ വീതി 45മീറ്ററാക്കണം 30 മീറ്ററാക്കണം എന്ന് അഭിപ്രായങ്ങള്‍ വന്നപ്പോള്‍ അത് പറഞ്ഞതല്ലാതെ ഒരു നിലപാട് എടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.


കേരളത്തിന്‍റെ വികസന കാര്യത്തില്‍ തര്‍ക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യാതെ ശക്തമായ നിലപാട് മാധ്യമങ്ങള്‍ എടുത്തിട്ടുണ്ടോ? മാധ്യമങ്ങള്‍ നിലപാട് ശക്തമാക്കിയാല്‍ അതിനെ ആരും ലംഘിക്കാന്‍ ധൈര്യപ്പെടില്ലെന്നും കരീം പറഞ്ഞു. സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങള്‍ വിവാദങ്ങള്‍ മൂലം നഷ്ടമായിട്ടുണ്ടെന്നും കരീം പറഞ്ഞു.

അതേസമയം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദമായ ‘കോള’ പരാമര്‍ശത്തെ മന്ത്രി വീണ്ടും ന്യായീകരിച്ചു. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയെ അനുകൂലിച്ചു കൊണ്ടുള്ള ബാലകൃഷ്ണന്‍റെ പ്രസ്താവന സര്‍ക്കാര്‍ നയത്തിന് എതിരല്ല. പ്രസംഗം മുഴുവന്‍ കേട്ടതു കൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത്. പ്രസംഗത്തിന്‍റെ ആകെത്തുക സര്‍ക്കാരിനെതിരാണെന്ന് തോന്നുന്നില്ല. എന്നാല്‍ പുറത്ത് നിന്ന് ഒരാള്‍ കേള്‍ക്കുമ്പോള്‍ ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കും. പ്രസംഗം മുഴുവന്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിനാലൂര്‍ സംഭവത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുത്തതിനു ശേഷമായിരിക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. ആരെ വിളിക്കണം, എന്നാണ് വിളിക്കേണ്ടത് എന്ന് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കും.

ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് നിരവധി കമ്പനികള്‍ ലാഭത്തിലാക്കി. എന്നാല്‍, വിവാദം നിക്ഷേപങ്ങള്‍ക്ക് തടസമായി. ഇപ്പോള്‍ കേരളത്തില്‍ നിക്ഷേപ സംസ്കാരം ഉണ്ടായി വരുന്നുണ്ട്.
ചെറുകിട വ്യവസായം സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. തൊഴില്‍ രംഗത്തെ മാഫിയകളെ ഇല്ലാതാക്കി. പരമ്പരാഗത മേഖലയ്ക്ക് ഉണര്‍വ്വേകിയെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :