‘റജീന’യുടെ വീട് ആക്രമിച്ചു

കോഴിക്കോട്| WEBDUNIA|
ഐസ്ക്രീം പാര്‍ലര്‍ കേസിലൂടെ കുപ്രസിദ്ധി നേടിയ റജീനയുടെ വീടിനു നേരെ ആക്രമണം. കോഴിക്കോട് പന്തീരങ്കാവിലുള്ള റജീനയുടെ വീടിനു നേരെയായിരുന്നു ആക്രമണം. സമീപവാസികളായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് ഇതു സംബന്ധിച്ച് പരാതി നല്കിയിരിക്കുന്നത്. തനിക്കു നേരെ നിരന്തരമുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കാന്‍ ഒരുങ്ങുകയാണ് റജീന.

വീടിന്‍റെ ജനല്‍ച്ചില്ലുകളും വാതിലുകളും കുടിവെള്ള പൈപ്പുകളും വൈദ്യുത മീറ്ററും സംഘം അടിച്ചു തകര്‍ത്തു. വീടിനു നേരെ കല്ലെറിഞ്ഞ സംഘം വീടിനുള്ളില്‍ കടന്ന് മാതാപിതാക്കളായ ഇമ്പിച്ചിക്കോയയെയും പത്തീബീയെയും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടവണ്ണം വേണുവിന്‍റെ മകന്‍ ശ്രീജിത്ത്, ദാസന്‍ നായരുടെ മകന്‍ ബിജു, മേമൂലത്ത് ദാമോദരന്‍റെ മകന്‍ രതീഷ്, മുളിയില്‍ വേലായുധന്‍റെ മകന്‍ മുരളി, മുതുവനന്തറ മേത്തലോട്ടില്‍ ശശിധരന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കുറേ ദിവസങ്ങളായി ടെറസിനു മുകളില്‍ പതുങ്ങിയിരുന്ന് രാത്രി താഴേക്ക് കല്ലെറിയുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വീട് ആക്രമിച്ചത്. വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായാണ് യുവാക്കള്‍ വീട് ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. കമ്മീഷണര്‍ പി വി ജയന്‍റെ നിര്‍ദ്ദേശപ്രകാരം സി ഐ അബ്ദുള്‍ ഖാ‍ദര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :